കണ്ണൂര്‍-നഗരമധ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ടൗണിലെ ഷൂ ഷോറും ഉടമയും സിറ്റി കുറുവ പാലത്തിന് സമീപത്തെ സബീന മന്‍സിലില്‍ മുഹമ്മദ് ഷരീഫിനെ (36) ആണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
എസ്.ബി.ഐ ബസ്‌റ്റോപ്പില്‍ ബസിറങ്ങി സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു. എന്തിനാണു പേര് ചോദിക്കുന്നതെന്നു ചോദിച്ച് വിദ്യാര്‍ഥിനി നടന്നുപോയപ്പോള്‍ സ്‌കൂളിലേക്കുള്ള വഴിയില്‍ കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നു നിര്‍ത്തിയിടുകയും പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചു വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനി ബഹളം വെക്കുകയും ഓടി ചെന്ന് സ്‌കൂളില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വനിതാ സെല്ലില്‍ വിവരമറിയിച്ചു. വനിതാ സെല്ലിലെ പോലീസ് സ്‌കൂളിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ടൗണ്‍ സി.ഐ, ബിനു മോഹന്റെ നേതൃത്വത്തില്‍ സമീപത്തെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്തുകയുമായിരുന്നു. പരിശോധനയില്‍ കാറിന്റെ ആര്‍.സി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കാര്‍ ഉപയോഗിക്കുന്നത് പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആര്‍.സി ഉടമ കാര്‍ പ്രതിക്ക് വിറ്റിരുന്നെങ്കിലും ആര്‍.സി മാറ്റിയിരുന്നില്ല . പ്രതി നേരത്തെ എം.ഡി.എം.എ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






