റിയാദ്- സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന നിബന്ധന പിന്‍വലിച്ചത് ഇന്ത്യയിലെ വിസ സ്റ്റാമ്പിംഗ് നടപടികള്‍ ത്വരിതഗതിയിലാക്കും. ഇന്ത്യയില്‍നിന്ന് പിസിസി ലഭിക്കാനുള്ള കാലതാമസം വിസ സ്റ്റാമ്പിംഗിനെ സാരമായി ബാധിച്ചിരുന്നതായും സൗദി എംബസിയുടെ പ്രഖ്യാപനം റിക്രൂട്ട്‌മെന്റ് മേഖലയില്‍ ഉണര്‍വേകുമെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കി.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് പിസിസി സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കിയതെന്ന് ഇന്നലെ (വ്യാഴം)യാണ് ന്യൂദല്‍ഹിയിലെ സൗദി എംബസി അറബിയിലും ഇംഗ്ലീഷിലുമായി ട്വീറ്റ് ചെയ്തത്. മുംബൈയിലെ സൗദി കോണ്‍സുലേറ്റും ഇക്കാര്യം ട്വീറ്റ് ചെയ്തു. പി.സി.സി പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് റിയാദ് ഇന്ത്യൻ എംബസിയും ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സൗദിയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പിസിസിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് നിബന്ധന സൗദി വിദേശകാര്യമന്ത്രാലയം മുന്നോട്ട് വെച്ചത്. ഇതോടെ തൊഴില്‍ വിസയെടുത്തവര്‍ പിസിസിക്കുള്ള ഓട്ടമായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 25 ദിവസത്തിനുള്ളില്‍ ലഭിക്കുമായിരുന്നുവെങ്കിലും ഉത്തരേന്ത്യയില്‍ രണ്ട് മാസത്തിലധികം സമയമാണ് എടുക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള ലേബര്‍ വിസ സ്റ്റാമ്പിംഗിന് കാലതാമസം നേരിടാന്‍ കാരണമായി. ഇത് കാരണം സൗദിയിലെ പല സ്ഥാപനങ്ങളും ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ മടി കാണിക്കുന്ന അവസ്ഥ വരെയുണ്ടായി. ന്യൂദല്‍ഹിയിലെ സൗദി എംബസി മാസങ്ങള്‍ക്ക് മുമ്പേ പിസിസി നിര്‍ബന്ധമാക്കിയിരുന്നതാണ്. ഓഗസ്റ്റ് 22 മുതലാണ് മുംബൈയിലെ സൗദി കോണ്‍സുലേറ്റും പിസിസി ആവശ്യപ്പെട്ടത്.
സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയി പെട്ടെന്ന് പുതിയ വിസയില്‍ വരാനുദ്ദേശിച്ചവര്‍ക്കാണ് പിസിസി വലിയ കുരുക്കായിരുന്നത്. ഇഖാമ വര്‍ഷങ്ങളായി പുതുക്കാത്തതിനാല്‍ ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ നിരവധിയാണ്. ഇവരില്‍ ഭൂരിഭാഗം പേരും കമ്പനികളിലും മറ്റും ജോലി ശരിയാക്കി പുതിയ വിസയുമായാണ് നാട്ടിലേക്ക് പോകുന്നത്. പിസിസി നിബന്ധനകള്‍ കാരണം ഇവരില്‍ പലര്‍ക്കും കൃത്യസമയത്ത് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. പുതിയ തീരുമാനം സൗദിയിലേക്ക് പുതിയ ലേബര്‍ വിസയില്‍ വരുന്നവര്‍ക്കെല്ലാം ഏറെ ആശ്വാസമാണെന്നും ഇന്ത്യയിലേക്കുള്ള തൊഴില്‍ വിസകളുടെ എണ്ണം വര്‍ധിക്കുമെന്നും സഫിയ ട്രാവല്‍സ് സൗദി മാനേജര്‍ അനസ് മുഹമ്മദ് പറഞ്ഞു.