റിയാദ്- ആണവ കരാർ ഒപ്പുവെച്ചതിന്റെ ഫലമായി സാമ്പത്തിക ഉപരോധങ്ങൾ എടുത്തുകളഞ്ഞതിലൂടെ ലഭിച്ച ബില്യൺ കണക്കിന് ഡോളർ സ്വന്തം ജനതയുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനുമല്ല ഇറാൻ ഉപയോഗിച്ചതെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സ്വന്തം ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അഭിവൃദ്ധിക്കും ഇറാൻ ഭരണകൂടം പണം ഉപയോഗിച്ചില്ല, മറിച്ച്, മേഖലയിൽ നീചമായ ഇടപെടലുകൾ നടത്തുന്നതിനാണ് പണം ഇറാൻ ഉപയോഗിച്ചത്. ഇറാനുമായി അന്താരാഷ്ട്ര സമൂഹം ഒപ്പുവെച്ച ആണവ കരാറിലെ ചില വകുപ്പുകളിലും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഭീകരർക്ക് പിന്തുണ നൽകുന്നതിലും എക്കാലത്തും സൗദി അറേബ്യക്ക് വിയോജിപ്പുകളുണ്ടായിരുന്നു.
ഇറാൻ ആണവ കരാർ മേഖലയെ ദുരന്തത്തിലേക്ക് നയിക്കും. മേഖലയിൽ ശത്രുതാപരമായ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ആണവ കരാർ ഇറാന് സാഹചര്യമൊരുക്കി. ആണവ കരാർ ഒപ്പുവെച്ചതിലൂടെ ലഭിച്ച ഭീമമായ തുക ഭീകരതക്കും മേഖലയിൽ വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതിനും അരാജകത്വം വ്യാപിപ്പിക്കുന്നതിനുമാണ് ഇറാൻ വിനിയോഗിച്ചത്. ആണവ കരാർ ഒപ്പുവെച്ചതു മുതൽ അന്താരാഷ്ട്ര സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്നോണം പെരുമാറുന്നതിനു പകരം ബാലിസ്റ്റിക് മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ ഭീകര ഗ്രൂപ്പുകൾക്ക് നൽകി ഭീകരതക്കുള്ള പിന്തുണ ഇറാൻ വർധിപ്പിച്ചു. മേഖലയിൽ ഇറാൻ നടത്തുന്ന വിനാശകരമായ പ്രവർത്തനങ്ങൾ പരിഗണിക്കാതെ വിനാശകരമായ ആയുധങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഇറാനുമായി കരാറുണ്ടാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശ്രമിക്കാവതല്ല എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. ഭാവിയിൽ ഇറാനുമായുണ്ടാക്കുന്ന ഏതു കരാറിലും ഇറാന്റെ മിസൈൽ പദ്ധതിയും ഭീകരതക്കും വിഭാഗീയതക്കും നൽകുന്ന സാമ്പത്തിക, സൈനിക പിന്തുണയും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക പ്രഖ്യാപിച്ച നടപടികൾ ഏതെങ്കിലും പ്രത്യേക ജനതയെയോ വിഭാഗത്തെയോ അല്ല ലക്ഷ്യമിടുന്നതെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.






