തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് തടവും പിഴയും.
ആലപ്പുഴ മണ്ണഞ്ചേരിയിലെ കന്നപ്പള്ളിച്ചിറ വീട്ടില്‍ ബീരാന്റെ മകന്‍ ബി.സുലൈമാന്‍ എന്ന സല്‍മാനെയാണ് (39) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
2018 ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കോട്ടൂരിലെ എട്ടാംക്ലാസില്‍ പഠിക്കുന്ന 12 വയസുകാരിയെ പ്രതി ബൈക്കില്‍ പിന്തുടര്‍ന്നു വന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.
പേടിച്ചോടിയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് വീണ്ടും അതേ പ്രവൃത്തി ചെയ്യുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ് . അന്നത്തെ ശ്രീകണ്ഠാപുരം എസ്.ഐ പ്രകാശനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.






