സുധാകരന് രക്ഷയായത് മുസ്‌ലീം ലീഗ് നേതാക്കളോടുള്ള ക്ഷമാപണം

കോഴിക്കോട്- തുടര്‍ച്ചയായി ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് ഒടുവില്‍ രക്ഷയായത് മുസ്‌ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടും പി.കെ.കുഞ്ഞാലിക്കുട്ടിയോടും നടത്തിയ ക്ഷമാപണം. തനിക്ക് തെറ്റുപറ്റിയതായും മുസ്‌ലീം ലീഗിന്റെ ഭാഗത്ത് തിന്ന് തനിക്കെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകരുതെന്നും സുധാകരന്‍ ലീഗ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫില്‍ ഒരു പൊട്ടിത്തെറി ഒഴിവായത്.

സുധാകരനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കാനും ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയാക്കാനുമായിരുന്നു കഴിഞ്ഞ ദിവസം മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കുന്നതിന് തൊട്ട് മുന്‍പ് വരെയുള്ള ധാരണ. പാര്‍ട്ടിയുടെ വികാരം എ.ഐ.സി.സി നേതൃത്വത്തെ ബോധ്യപ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാ ഈഗോയും മാറ്റിവെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വിളിച്ച് ക്ഷമാപണം നടത്തിയതോടെയാണ് മഞ്ഞുരുകിയത്. ഇതോടെ സുധാകരന്റെ നിലപാടുകളില്‍ കടുത്ത അതൃപ്തി നിലനിര്‍ത്തിക്കൊണ്ട് തന്നെ പരസ്യമായി അദ്ദഹത്തെ തള്ളിപ്പറയേണ്ടെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു.

കെ.സുധാകരന്‍ ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും മൃദു സമീപനം സ്വീകരിക്കുന്നുവെന്നത് യു.ഡി.എഫിനെ പ്രത്യേകിച്ച്  ഘടകകകക്ഷിയായ മുസ്‌ലീം ലീഗിനെ ഏറ്റവും ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് മുസ്‌ലീം ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. തനിക്ക് തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും അതിന് ആരുടെയും സമ്മതം ആവശ്യമില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വളരെ ഗുരുതരമായ പ്രത്യാഘാതമാണ് യു.ഡി.എഫിന് ഉണ്ടാക്കുകയെന്നും ലീഗ് നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുധാകരനെതിരെ കടുത്ത നടപടി ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പി.കെ.കുഞ്ഞാലിക്കുട്ടി ബോധ്യപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞ രമേശ് ചെന്നിത്തലയാണ് മുസ്‌ലീം ലീഗ് നേതാക്കളുടെ രോഷം തണുപ്പിക്കാന്‍ ആദ്യം രംഗത്തിറങ്ങിയത്. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് കെ.സുധാകരന്‍ ലീഗ് നേതാക്കളെ ബന്ധപ്പെട്ട് തന്റെ പ്രസ്താവനകളില്‍ ഖേദ പ്രകടനം നടത്തിയത്.
തനിക്കെതിരെ വലിയ പടയൊരുക്കമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും മുസ്‌ലീം ലീഗ് നേതൃത്വം തന്നെ തള്ളിപ്പറഞ്ഞാല്‍ അത് കോണ്‍ഗ്രസിലും തനിക്കെതിരെ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് സുധാകരന് ബോധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ മുസ്‌ലീം ലീഗ് പരാതിപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്ന ധാരണയും സുധാകരനുണ്ടായിരുന്നു. താന്‍ ഖേദപ്രകടനം നടത്തില്ലെന്ന് അത് വരെ വാശിപിടിച്ച സുധാകരന്‍ ഈഗോ ഉള്ളിലൊതുക്കി ലീഗ് നേതാക്കളോട് ക്ഷമാപണം നടത്താന്‍ തയ്യാറായതും ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്.

സുധാകരനെതിരെ കോണ്‍ഗ്രസിലും പടയൊരുക്കം ആരംഭിച്ചിരുന്നെങ്കിലും ചെന്നിത്തലയുടെ സമര്‍ത്ഥമായ ഇടപെടല്‍ അവിടെയും ഫലം കണ്ടു. തനിക്ക് പറ്റിയത് നാക്കു പിഴയാണെന്ന് സുധാകരന്‍ പറഞ്ഞതിനാല്‍ ഇനി മറ്റ് വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് പാര്‍ട്ടിയിലെ അന്തരീക്ഷം തണുപ്പിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളായ കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമടക്കമുള്ളവര്‍ പ്രശ്‌നം കത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും രേമശ് ചെന്നിത്തലയുടെ തന്ത്രപരമായ ഇടപെടലില്‍ അതെല്ലാം ഒതുങ്ങിപ്പോയി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്  സുധാകരന്റെ നടപടികളില്‍ കടുത്ത വിയോജിപ്പുണ്ടെങ്കിലും അദ്ദേഹവും തല്‍ക്കാലം രമേശ് ചെന്നിത്തലക്കൊപ്പം ചേര്‍ന്ന് സുധകരന്റെ രക്ഷക്കെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സഹകരണം കിട്ടുന്നില്ലെന്നും താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുകയാണെന്നും കാണിച്ച് കെ.സുധാകരന്‍ എ.ഐ.സി.സി നേതൃത്വത്തിന് കത്തയച്ചുവെന്ന് പറഞ്ഞ് പുറത്ത് വന്ന വാര്‍ത്തകള്‍ ആദ്യം നിഷേധിച്ചത് വി.ഡി.സതീശനാണ്. കത്തയച്ചെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതോടെ സുധാകരന് അത് പിടിവള്ളിയാകുകയായിരുന്നു. സുധാകരനെ രക്ഷിക്കാന്‍ വി.ഡി.സതീശന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.

സര്‍ക്കാറും ഗവര്‍ണ്ണറുമായുള്ള പോരിലും നിയമന വിവാദത്തിലും പോലീസിന്റെ നടപടികള്‍ക്കെതിരെയുമെല്ലാം സര്‍ക്കാറിനതെിരെ ശക്തമായ പോര്‍മുഖം തുറന്നിട്ടുള്ള യു.ഡി.എഫിന് സുധാകരന്റെ വിടുവായത്തം തിരിച്ചടിയാകുമെന്ന് വി.ഡി.സതീശന്‍ കണക്കുകൂട്ടുന്നുണ്ട്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് സുധാകരനെ രക്ഷിക്കാനായി സതീശന്‍ പെട്ടെന്ന് ഇടപെടല്‍ നടത്തിയത്. പ്രശ്‌നം തണുപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
മുസ്‌ലീം ലീഗിനെ മയപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് സുധാകരന് പിടിവള്ളിയായതെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കഴിഞ്ഞിരുന്നില്ലെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ ചിത്രം ഇപ്പോള്‍ മാറിയേനെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവന പരമാവധി മുതലെടുത്ത് സര്‍ക്കാറിനെതിരെയുള്ള പൊതു വികാരം തണുപ്പിക്കാന്‍ സി.പി.എം ആസൂത്രണം നടത്തിയിരുന്നു. എന്നാല്‍ മുസ്‌ലീം ലീഗ് നേതൃത്വം  നിലപാട് മയപ്പെടുത്തുകയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സുധാകരന്റെ കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്തതോടെ സി.പി.എമ്മിന്റെ ശ്രമം പാളിപ്പോകുകയായിരുന്നു.

 

Latest News