റിയാദ്- ഇറാൻ ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിനും ഇറാനു മേൽ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുന്നതിനും ഇറാനു മേൽ പുതുതായി കൂടുതൽ കടുത്ത ശിക്ഷകൾ ഏർപ്പെടുത്തുന്നതിനുമുള്ള ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. സുധീരമായ നിലപാടാണ് ട്രംപ് കൈക്കൊണ്ടത്. ആണവായുധങ്ങളിൽ നിന്ന് മധ്യപൗരസ്ത്യ ദേശത്തെ മുക്തമാക്കുന്നത് ഉറപ്പു വരുത്തുന്നതിന് ആഗ്രഹിച്ചും മേഖലയിൽ ഇറാൻ പയറ്റുന്ന ശത്രുതാപരമായ രാഷ്ട്രീയങ്ങൾക്കുള്ള തിരിച്ചടിയെന്നോണവുമാണ് ഈ നിലപാട് ട്രംപ് കൈക്കൊണ്ടത്. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുകയും മേഖലയിൽ സ്വാധീനം വ്യാപിപ്പിക്കുന്നതിന് ശ്രമിക്കുകയും ഭീകര സംഘടനകളെ പിന്തുണക്കുകയും ചെയ്യുന്ന ഇറാൻ, ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കുന്നത് തുടരുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ചാർട്ടറുകളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷാ ഭദ്രതക്ക് ഭീഷണിയുമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മുൻനിർത്തി ഇറാൻ ആണവ കരാർ പ്രശ്‌നത്തിൽ ഉറച്ച നിലപാടെടുത്ത അമേരിക്കക്കൊപ്പം അന്താരാഷ്ട്ര സമൂഹം നിലയുറപ്പിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.






