പടുകുഴിയിലായ ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ മന്ത്രി ആ. ബിന്ദു

സർവകലാശാലകളെ പൂർണമായും രാഷ്ട്രീയ വിമുക്തമാക്കുകയും അക്കാദമിക് രംഗത്തെ പ്രഗത്ഭർക്ക് അതിന്റെ ചുക്കാൻ ഏൽപിച്ചു കൊടുക്കുകയുമാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ഏക മാർഗം. അതിന് ഭരണ നേതൃത്വം എത്രത്തോളം തയാറാകുമെന്നതാണ് പ്രശ്‌നം. സർവകലാശാലകളെ കൂടുതൽ രാഷ്ട്രീയ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും അതിന് വേണ്ടിയുള്ള നിയമങ്ങൾ പാസാക്കുന്നതിനുമുള്ള കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

 

ഉന്നത വിദ്യാഭ്യസം തേടി കേരളത്തിൽ നിന്ന് പലായനം ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വലിയ തോതിൽ വർധിക്കുകയാണെന്നാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ പുരോഗതിയിൽ രാജ്യത്ത് തന്നെ ഏറ്റവും മികച്ച സ്ഥിതി അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാർത്ഥികൾ എന്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസം തേടി അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നതെന്ന ചോദ്യം ഏറെ പ്രസക്തമാണ്. സ്വതവേ ദുർബല, പിന്നെ ഗർഭിണിയും എന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം. അതിനിടയിൽ സ്വജനപക്ഷപാതവും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം ഉന്നത വിദ്യാഭ്യാസ രംഗത്തെ ദിനംപ്രതിയെന്നോണം കൂടുതൽ ശോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
1990 കളിലെ പഴഞ്ചൻ വിദ്യാഭ്യാസ രീതിയിൽ നിന്ന് അധികമൊന്നും മുന്നോട്ട് പോകാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കാലത്തിന്റെ പുരോഗതിക്കും സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിനുമൊപ്പം നിന്നുകൊണ്ട് കേരളത്തിന് പുറത്തുള്ള സർവകലാശാലകൾ പുതിയ കോഴ്‌സുകളും പഠന രീതികളും ആവിഷ്‌കരിക്കുമ്പോൾ കാലഹരണപ്പെട്ട കോഴ്‌സുകളുമായി അതേ പടി തന്നെ നിൽക്കുകയാണ് കേരളത്തിലെ സർവകലാശാലകൾ. അക്കാദമിക് രംഗത്തെ പ്രഗത്ഭർ ഭരിക്കേണ്ടിടത്ത് രാഷ്ട്രീയക്കാരുടെ നോമിനികൾ ഭരിക്കുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അധഃപതനത്തിന് കാരണം. പുതിയ കാലഘട്ടത്തിനനുസരിച്ച രീതിയിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒന്നും തന്നെ സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നവർക്ക് താൽപര്യമില്ല. അവരെ നിയമിച്ച രാഷ്ട്രീയ കക്ഷികളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുകയെന്നത് മാത്രമാണ് അവരുടെ താൽപര്യം.
രാഷ്ട്രീയത്തിന്റെ അതിപ്രസരം തന്നെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തളർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ പച്ചയായ യാഥാർത്ഥ്യമാണ് ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ തലപ്പത്തുള്ള നിയമനം പോലും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന സത്യം കോടതി വിധികളിലൂടെ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അക്കാദമിക് കാര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തിക്കേണ്ട ഉന്നത വിദ്യാഭ്യസ രംഗം തരം താണ രാഷ്ട്രീയക്കളികളുടെ  വേദിയായി മാറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ അത് കേവലം അടിസ്ഥാന വിദ്യാഭ്യാസത്തിൽ മാത്രമാണുള്ളത്. ഉന്നത വിദ്യാഭ്യാസത്തിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ബഹുദൂരം മുന്നിലേക്ക് പോകുമ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾ ഇപ്പോഴും പഴഞ്ചൻ രീതികളിൽ തളച്ചിടപ്പെടുകയാണ്.
എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയെന്നതാണ് മലയാളികളായ വിദ്യാർത്ഥികളുടെ സ്വപ്നം. സാമ്പത്തികമായി വലിയ ഭേദപ്പെട്ട നിലയിലല്ലെങ്കിലും വായ്പയെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിന് പോകുകയെന്നതാണ് മലയാളികളുടെ ഇപ്പോഴത്തെ രീതി. ഈ വർഷം അവസാനിക്കുമ്പോഴേക്കും  കേരളത്തിൽ നിന്ന് പുതുതായി 40,000 ത്തിലേറെ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി പോകുമെന്നാണ് അനൗദ്യോഗിക കണക്ക്. അതിലും എത്രയോ അധികം വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി ഓരോ വർഷവും അന്യ സംസ്ഥാനങ്ങളിലെ സർവകലാശാലകളെ ആശ്രയിക്കുന്നുണ്ട്. 
സേവ് യൂനിഴേവ്‌സിറ്റി ഫോറം എന്ന സംഘടന അടുത്ത കാലത്ത് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ വിവിധ സർവകലാശാലകളിൽ എൻജീനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ കോഴ്‌സുകൾക്ക് ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. യോഗ്യരായ വിദ്യാർത്ഥികൾ കേരളത്തിൽ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് പഠനത്തിന് വേണ്ടി അവർ മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളെ തെരഞ്ഞെടുക്കുകയാണ്. ഗുണപരമായ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് സർവകലാശാലകളുടെ റാങ്കിംഗ് നടത്തുമ്പോൾ കേരളത്തിലെ സർവകലശാലകളൊന്നും മുൻ സ്ഥാനങ്ങളിൽ വരാറില്ല. അതായത് കേരളത്തിലെ സർവകലാശാലകൾക്ക് ദേശീയ തലത്തിൽ വിലകൽപിക്കപ്പെടുന്നില്ല. അതുകൊണ്ട് ഇവിടെ പഠിക്കാൻ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്നില്ല.
വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാരും കേരള ഗവർണറും തമ്മിൽ ദിവസങ്ങളായി നടക്കുന്ന പോര് ദേശീയ തലത്തിൽ പോലും ചർച്ചയായിരിക്കുകയാണ്. രാഷ്ട്രീയമായി ഇതിൽ ആര് നേട്ടമുണ്ടാക്കിയാലും ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയെ ഇത് വലിയ തോതിൽ ബാധിച്ചിരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിനിഴൽ വീഴ്ത്തുന്നതിന് ഇത് വലിയൊരു പരിധി വരെ കാരണമായിക്കഴിഞ്ഞു. കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് ഈ വിഷയം പ്രതികൂലമായി ബാധിച്ചത്. സംസ്ഥാന സർക്കാരിന് അത് തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ പൂർണമായി ഇരുട്ടിലാഴ്ത്തുകയാണ്.
1990 കളിൽ ഇന്ത്യയിലെ മറ്റു പല സർവകലാശാലകളെയും പോലെ കേരളത്തിലെ സർവകലാശാലകളും നൽകുന്ന ബിരുദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മൂല്യം കൽപിച്ചിരുന്നു. എന്നാൽ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയക്കളികളുടെയും കൂത്തരങ്ങായി കേരളത്തിലെ സർവകലാശാലകൾ മാറിയപ്പോൾ ഇതെല്ലാം നഷ്ടമായി. മാറിമാറി ഭരിച്ച സർക്കാരറുകൾക്കെല്ലാം ഇതിന് ഉത്തരവാദിത്തമുണ്ട്. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നതാണ് ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണം.
സർവകലാശാലകളെ പൂർണമായും രാഷ്ട്രീയ വിമുക്തമാക്കുകയും അക്കാദമിക് രംഗത്തെ പ്രഗത്ഭർക്ക് അതിന്റെ ചുക്കാൻ ഏൽപിച്ചുകൊടുക്കുകയുമാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ഏക മാർഗം. അതിന് ഭരണ നേതൃത്വം എത്രത്തോളം തയാറാകുമെന്നതാണ് പ്രശ്‌നം. സർവകലാശാലകളെ കൂടുതൽ രാഷ്ട്രീയ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും അതിന് വേണ്ടിയുള്ള നിയമങ്ങൾ പാസാക്കുന്നതിനുമുള്ള കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള അവകാശ തർക്കത്തിൽ ഇരകളായിത്തീരുന്നത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ്. അവരുടെ സ്വപ്‌നങ്ങളാണ്. നാണക്കേടിന്റെ പടുകുഴിയിലേക്കാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വഴിമാറിപ്പോകുന്നത്.

Latest News