Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആണവ കരാർ മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതിന് ഇറാൻ ദുരുപയോഗിച്ചു -സൗദി അറേബ്യ

റിയാദ്- അന്താരാഷ്ട്ര സമൂഹവുമായി ഒപ്പുവെച്ച ആണവ കരാർ മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിന് ഇറാൻ ദുരുപയോഗിക്കുകയായിരുന്നെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിനും ഇറാനെതിരായ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ പുറത്തുവിട്ട പ്രസ്താവന പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് വിനാശകരമായ ആയുധങ്ങളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാൻ ആണവ കരാറിനെ സൗദി അറേബ്യ നേരത്തെ പിന്തുണച്ചത്. എന്നാൽ ആണവ കരാർ ഒപ്പുവെച്ചതിന്റെ ഫലമായി സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞതു വഴി ലഭിച്ച ഭീമമായ പണം മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിന് ഇറാൻ ഉപയോഗിച്ചു. 
ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിനും ഹിസ്ബുല്ലയും ഹൂത്തി മിലീഷ്യകളും അടക്കമുള്ള ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനും സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞതിന്റെ നേട്ടം ഇറാൻ പ്രയോജനപ്പെടുത്തി. സൗദിയിലും യെമനിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും ഇറാൻ നൽകിയ ശേഷികൾ ഹൂത്തികൾ ഉപയോഗപ്പെടുത്തി. ഇറാൻ പ്രശ്‌നത്തിൽ ട്രംപ് പ്രഖ്യാപിച്ച തന്ത്രത്തെ സൗദി അറേബ്യ പിന്തുണക്കുന്നു. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇറാനെതിരെ ശക്തവും ഏകകണ്ഠവുമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭീകര ഗ്രൂപ്പുകളായ ഹിസ്ബുല്ലക്കും ഹൂത്തികൾക്കും പിന്തുണ നൽകുന്ന ഇറാൻ അഞ്ചു ലക്ഷത്തിലേറെ സാധാരണക്കാരെ കൊലപ്പെടുത്തിയ സിറിയയിലെ ബശാർ അൽഅസദ് ഭരണകൂടത്തെയും പിന്തുണക്കുന്നു. 
അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച ഉദ്ദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിന് സഖ്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് സൗദി അറേബ്യ തുടരും. ആണവ പദ്ധതിയിൽ മാത്രം പരിമിതപ്പെടുത്താതെ, ലോക സുരക്ഷക്കും സമാധാനത്തിനും ഇറാൻ നയങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികൾക്ക് സമഗ്രമായ പരിപ്രേക്ഷ്യത്തിൽ പരിഹാരം കാണണം. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ, ഭീകരതക്കുള്ള പിന്തുണ അടക്കം ഇറാന്റെ ശത്രുതാപരമായ മുഴുവൻ പ്രവർത്തനങ്ങളും ചെറുക്കുകയും വിനാശകരമായ ആയുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനു മുന്നിൽ എന്നെന്നേക്കുമായി വഴികൾ പൂർണമായും കൊട്ടിയടക്കുകയും വേണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. 

Latest News