ലോകകപ്പ് ഹുഫൂഫിലേക്ക് ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍; ബുക്ക് ചെയ്താല്‍ 50 ശതമാനം വരെ ഇളവ്

റിയാദ് - ലോകകപ്പ് പ്രേമികള്‍ക്കു വേണ്ടി നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന് പരമാവധി പൊതുജന പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ടീം കളിക്കുന്ന ദിവസങ്ങളില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. സൗദി ടീം ആരാധകര്‍ക്കു വേണ്ടി കൂടുതല്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് പറഞ്ഞു.
ഈ സര്‍വീസുകളില്‍ ആകെ 1,14,000 ലേറെ സീറ്റുകള്‍ ലഭിക്കും. റിയാദ്, ദമാം, ബഖീഖ് എന്നിവിടങ്ങളില്‍ നിന്ന് ഹുഫൂഫിലേക്കും തിരിച്ചുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക. ഈ സര്‍വീസുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ടിക്കറ്റ് ഇളവും ലഭിക്കും. റിയാദ്, ദമാം, ബഖീഖ് എന്നിവിടങ്ങളില്‍ നിന്ന് ഹുഫൂഫിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 58,958 സീറ്റുകളും ഹുഫൂഫില്‍ നിന്ന് റിയാദ്, ദമാം, ബഖീഖ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളില്‍ 55,172 സീറ്റുകളുമാണുണ്ടാവുക.
സൗദി-അര്‍ജന്റീന ടീമുകള്‍ മത്സരിക്കുന്ന ചൊവ്വാഴ്ച റിയാദ്, ദമാം, ബഖീഖ് എന്നിവിടങ്ങളില്‍ നിന്ന് ഹുഫൂഫിലേക്കും തിരിച്ചും നാലു സര്‍വീസുകള്‍ വീതമുണ്ടാകും. സൗദി, പോളണ്ട് ടീമുകള്‍ മത്സരിക്കുന്ന 26 ന് ശനിയാഴ്ച രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളാണുണ്ടാവുക. സൗദി ടീമിന്റെ മൂന്നാമത് മത്സരം നടക്കുന്ന 30 ന് വ്യാഴാഴ്ച റിയാദില്‍ നിന്നും ദമാമില്‍ നിന്നും ഹുഫൂഫിലേക്ക് ആറു സ്‌പെഷ്യല്‍ സര്‍വീസുകളുണ്ടാകും. മെക്‌സിക്കോയുമായുള്ള സൗദി ടീമിന്റെ മത്സരം പൂര്‍ത്തിയായ ശേഷം അതേദിവസം ഖത്തറില്‍ നിന്ന് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കു വേണ്ടി അഞ്ചു സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു.

 

Latest News