- പാളയം പൂ മാർക്കറ്റിലെ തൊഴിലാളികളാണ് പരാതിക്കരനായ യുവാവും പ്രതിയായ യുവതിയും
കോഴിക്കോട് - കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം ഹണിട്രാപ്പിലൂടെ തീർത്തതിന് ബേപ്പൂരിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബേപ്പൂർ ബി.സി റോഡിലെ പുതിയനിലത്ത് ശ്രീജ, സുഹൃത്തുക്കളായ അഖ്‌നേഷ്, പ്രനോഷ്, സുഹൈൽ എന്നിവരാണ് റിമാൻഡിലായത്.
കടം വാങ്ങിയ പണം തിരികെ നല്കാമെന്ന് പറഞ്ഞാണ് ഒളവണ്ണ സ്വദേശിയായ യുവാവിനെ ശ്രീജയും സംഘവും ഫഌറ്റിലേക്കു വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. വന്ന ഉടൻ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം വിവസ്ത്രനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുപ്പിച്ചു. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് യുവാവിന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ച് പറഞ്ഞുവിടുകയായിരുന്നു.
പാളയം പൂ മാർക്കറ്റിലെ തൊഴിലാളികളാണ് യുവാവും യുവതിയും. പലവട്ടം അവധി പറഞ്ഞെങ്കിലും അന്നൊന്നും യുവതി യുവാവിന് പണം തിരികെ നൽകിയില്ല. സമാനരീതിയിൽ പ്രതികൾ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കടം തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് യുവാവിനെ വിളിച്ചുവരുത്തി മർദിക്കാൻ കാരണമെന്ന് പ്രതി ശ്രീജയും സംഘവും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.