കാസര്‍കോട്-മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് ഒന്‍പത് വയസുകാരിയെ എടുത്ത് ഉയര്‍ത്തിയ ശേഷം നിലത്തേക്കെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കര്‍ ആക്രമിച്ചത്. സൈക്കോ എന്ന് വിളിപ്പേരുള്ള അബൂബക്കര്‍ സിദ്ദീഖ് മുമ്പും മദ്രസ വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.






