അത് പറ്റില്ല, കോഴിക്കോട് മെഡിക്കല്‍ കോളജ്  ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തില്‍  

കോഴിക്കോട്- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്.
പത്തു മണിക്ക് ശേഷം വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലില്‍ കയറാന്‍ സാധ്യമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ് ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്ന് ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Latest News