കൊച്ചി - നടി സുമ ജയറാം ആശുപത്രി വിട്ടു. ചികിത്സ ഫലപ്പെട്ട് വീട്ടിലെത്തിയതായി അവർ അറിയിച്ചു. 'എന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങി. എല്ലാ അഭ്യുദയകാംക്ഷികൾക്കും പ്രാർത്ഥനകൾക്കും നന്ദി' എന്നവർ ഫേസ് ബുക്കിൽ കുറിച്ചു. ഭർത്താവ് ലല്ലുഷ് ഫിലിപ്പ് മാത്യുവിനും ഇരട്ട കുട്ടികൾക്കുമൊപ്പമുള്ള ഫോട്ടോ സഹിതമാണ് പോസ്റ്റ്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലാണെന്നും പ്രാർത്ഥിക്കണമെന്നുമഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് അസുഖമുള്ള കാര്യം പങ്കുവെച്ചിരുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥനയും പിന്തുണയും മറ്റുമായി ധൈര്യം പകർന്നത്. 90-കളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം തിളങ്ങിയ നടി ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.