ചെന്നൈ- അഞ്ച് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഒരു വര്‍ഷത്തോളം അശ്ലീല വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത പതിനാറുകാരിയെ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തി. മൂന്ന് പ്രതികളെ അറസ്റ്റുചെയ്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ രംഗനാഥന് 2021 ഏപ്രിലില്‍ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നല്കി. തുടര്‍ന്ന് രംഗനാഥന് തന്റെ നാല് സുഹൃത്തുക്കളെ വിളിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം അവരുടെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് രംഗനാഥന്റെ സുഹൃത്തുക്കള്‍ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍, കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട മാതാപിതാക്കള്‍ അവളെ ട്രിച്ചിയിലുള്ള ഒരാളുമായി വിവാഹം കഴിപ്പിച്ചു. എന്നാല്‍, ബാലാവകാശ പ്രവര്‍ത്തകര്‍ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ മുസിരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ലൈംഗികാതിക്രമത്തിന്റെ വീഡിയോ വാട്സ്ആപ്പില്‍ വൈറലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുസിരി വനിതാ പോലീസില്‍ പരാതി നല്കി. രംഗനാഥനും സുഹൃത്തുക്കളും തമ്മില്‍ വഴക്കുണ്ടായെന്നും അവരില്‍ ഒരാളാണ് വീഡിയോ വാട്ട്സ്ആപ്പില്‍ പങ്കുവെച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ രംഗനാഥന്, മണികണ്ഠന്, ഗണേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.






