സൗദിയില്‍ കാര്‍ റിപ്പയര്‍ മേഖലയില്‍ 15 തൊഴിലുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

റിയാദ് - കാര്‍ മെയിന്റനന്‍സ് മേഖലയില്‍ 15 തൊഴിലുകള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാകുമെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. റേഡിയേറ്റര്‍ ടെക്‌നീഷ്യന്‍, ഗ്ലാസ് ഫിറ്റര്‍, മെക്കാനിക്ക്, എന്‍ജിന്‍ ലെയ്ത്തിംഗ് ടെക്‌നീഷ്യന്‍, കാര്‍ ഇന്‍സ്‌പെക്ഷന്‍ ടെക്‌നീഷ്യന്‍, ലൈറ്റ് വെഹിക്കിള്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, ബ്രെയ്ക്ക് മെക്കാനിക്ക്, ബോഡി റിപ്പയര്‍ സ്മിത്ത്, അപ്‌ഹോള്‍സ്റ്ററര്‍, ബോഡി ഡെന്റിംഗ് വിദഗ്ധര്‍, എ.സി മെക്കാനിക്ക്, തെര്‍മല്‍ ഇന്‍സുലേഷന്‍ തൊഴിലാളി, പെയിന്റര്‍, ലൂബ്രിക്കന്റ് തൊഴിലാളി എന്നീ പതിനഞ്ചു വിഭാഗം തൊഴിലാളികള്‍ക്കാണ് ജൂണ്‍ ഒന്നു മുതല്‍ പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്.
ഇത്തരം ജോലികള്‍ നിര്‍വഹിക്കാനും കാര്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കാനും പുതുക്കാനും തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കാനും ബിസിനസ് എളുപ്പമാക്കാനും സ്വകാര്യ മേഖലയെ ശാക്തീകരിക്കാനുമാണ് തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിലൂടെ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നത് ഉറപ്പുവരുത്താനും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നേരിടുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും, ലൈസന്‍സ് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രൊഫഷനല്‍ ലൈസന്‍സുള്ള തൊഴിലാളികളുമായി മാത്രം ഇടപെടണമെന്ന് ഉപയോക്താക്കളോട് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയം ആവശ്യപ്പെട്ടു. പ്രൊഫഷനല്‍ ലൈസന്‍സുകള്‍ ഉപയോക്താക്കള്‍ക്കു മുന്നില്‍ സ്ഥാപനങ്ങള്‍ക്ക് മത്സരാധിഷ്ഠിത സവിശേഷത നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു.

 

Latest News