ലോകകപ്പ് പ്രതീതിയില്‍ ഫുട്‌ബോള്‍ മാമാങ്കം, ജിദ്ദയില്‍ നവോദയ ഹയഹയ 2022 വെള്ളിയാഴ്ച

ജിദ്ദ നവോദയ നടത്തുന്ന 'ഹയഹയ 2022' ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി സൗദി ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്യുന്നു.

ജിദ്ദ- ലോകകപ്പിന്റെ ആവേശം ഉള്‍ക്കൊണ്ട് ജിദ്ദ നവോദയ യുവജനവേദിയുടെ ഫുട്ബാള്‍ മാമാങ്കം 'ഹയഹയ 2022' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദ അര്‍ബഈന്‍ റോഡിലെ ചാലഞ്ച് സ്‌ക്വയര്‍ മൈതാനിയാണ് മത്സരത്തിന് വേദിയാവുക.
ജിദ്ദ നവോദയ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രശസ്ത ക്ലബുകളില്‍ നിന്നുള്ള കളിക്കാരെ അണിനിരത്തി  ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതീതിയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കളിക്കു മുന്നോടിയായി ജിദ്ദയിലെ പ്രശസ്തരായ കളിക്കാരെല്ലാം വിവിധ ഏരിയകള്‍ക്ക് കീഴില്‍ അതത് ലോകകപ്പ് രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞ് മൈതാനിയില്‍ അണിനിരക്കും. അവരെ മാര്‍ച്ച് പാസ്‌റ്റോടെ കളിക്കളത്തിലേക്ക് ആനയിക്കും. കൂടാതെ ലോക കപ്പ് കളിക്കുന്ന സൗദി ടീമിന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘാടക സമിതി  അംഗങ്ങളും ഭാരവാഹികളും സൗദിയുടെ ജഴ്‌സി അണിഞ്ഞ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. സൗദി ടീം ജഴ്‌സിയുടെ പ്രകാശനം പത്രസമ്മേളന വേദിയില്‍ നടത്തി.  
ഒന്‍പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഖാലിദ് ബിന്‍ വലീദ് ഏരിയ (നെതര്‍ലാന്റ്), മക്ക ഏരിയ (ഇംഗ്ലണ്ട്), അനാക്കിഷ് ഏരിയ (പോര്‍ച്ചുഗല്‍), കിലോ അഞ്ച് ഏരിയ (ജര്‍മ്മനി), കാര്‍ ഹറാജ് ഏരിയ (ബ്രസീല്‍), സഫ ഏരിയ (സ്‌പെയിന്‍), ബവാദി ഏരിയ (ഫ്രാന്‍സ്), ഷറഫിയ ഏരിയ (മെക്‌സിക്കോ), സനാഇയ ഏരിയ (അര്‍ജന്റീന) കമ്മിറ്റി ടീമുകള്‍ വിവിധ രാജ്യങ്ങളുടെ പേരില്‍ അതാതു രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞായിരിക്കും കളിക്കളത്തിലിറങ്ങുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, യുവജനവേദി കണ്‍വീനര്‍ ആസഫ് അലി കരുവാറ്റ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഗോപന്‍ നെച്ചുള്ളി, ഫഹജാസ്, ഷഫീഖ്, ടൂര്‍ണമെന്റിന്റെ മുഖ്യ പ്രയോജകരായ അല്‍മാസ് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളായ അയൂബ് മാസ്റ്റര്‍, ഷാനവാസ് തിരുവത്ത് എന്നിവര്‍ പങ്കെടുത്തു.


 

 

 

 

 

Latest News