ലഖ്‌നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് പെണ്‍കുട്ടി കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് താഴെ വീണു മരിച്ചു. കാമുകന്‍ തള്ളിയിട്ടതാണെന്നും ചാടി മരിച്ചതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും മാതാപിതാക്കളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ യുവാവിനെ ചോദ്യം ചെയ്യാന്‍ ഫഌ റ്റിലെത്തിയ യുവതി നാലാം നിലയില്‍ കയറി ചാടി മരിച്ചതാണെന്നും വെസ്റ്റ് സോണ്‍ എഡിസിപി ചിരഞ്ജീവ് നാഥ് ഷാ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നതാണെന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്.
ദുബാഗ്ഗ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബസന്ത് വിഹാറിലെ സെക്ടര്‍ എച്ചില്‍ ഒരേ പ്രദേശത്ത് താമസിച്ചിരുന്ന നിധി ഗുപ്തയാണ് (19) മരിച്ചത്. കാമുകന്‍ സുഫിയാനെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ ലിവ് ഇന്‍ പങ്കാളി ശ്രദ്ധ വാക്കറിനെ കാമുകന്‍ അഫ്താബ് അമീന്‍ പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ നടന്ന സംഭവത്തിലും സംഘ്പരിവാര്‍ വ്യാപക പ്രചാരണം ആരംബിച്ചു.
19കാരിയായ ഹിന്ദു പെണ്‍കുട്ടിയെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടുവെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്നുമാണ് പ്രചാരണം. അതേസമയം, സുഫിയാന്‍ നിധി ഗുപ്തക്കു നല്‍കിയ സമ്മാനത്തെ ചൊല്ലി ആരംഭിച്ച കലഹമാണ് സംഭവത്തിനു പിന്നലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബ്യൂട്ടീഷ്യനായിരുന്ന നിധിയുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഫ് യാന്‍ പ്രണയത്തിലായിരുന്നു.
സൂഫിയാന്‍ നിധിന് ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നുവെന്നും അതിലൂടെ അവളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ബ്രെയിന്‍ വാഷ് ചെയ്യുകയായിരുന്നുവെന്നും പറയുന്നു.
ഫോണിനെക്കുറിച്ചും മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളെക്കുറിച്ചും അറിഞ്ഞതിന് ശേഷം, നിധിന്റെ മാതാപിതാക്കള്‍ സൂഫിയാനെയും കുടുംബത്തെയും ചോദ്യം ചെയ്തു. തുടര്‍ന്ന് സൂഫിയാന്‍ പെണ്‍കുട്ടിയെ വീടിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് കേസ്.
കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ലഖ്‌നൗ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സുഫിയാന്‍ തന്റെ മകളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചെന്നും അതിനാല്‍ തന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നുവെന്നും നിധിയുടെ അമ്മ ലക്ഷ്മി ഗുപ്ത പരാതിയില്‍ പറയുന്നു.
ഇസ്ലാം മതം സ്വീകരിക്കാനും അവനെ വിവാഹം ചെയ്യാനുമുള്ള സമ്മര്‍ദം കാരണം മകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂഫിയാനോട് സംസാരിച്ചിരുന്നില്ലെന്നും ലക്ഷ്മി ഗുപ്ത പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിധിന്റെ മാതാപിതാക്കള്‍ സുഫിയാനെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.
സൂഫിയാന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ മനസ്സിലായിരുന്നില്ലെന്ന് നിധിയുടെ മാതാപിതാക്കള്‍ അവകാശപ്പെട്ടു.
നിധിയുമായി മാതാപിതാക്കള്‍ സൂഫിയാന്റെ വീട്ടിലെത്തിയപ്പോഴാണ് മരണം. നിധിയുടെ അമ്മാവനും കുടുംബത്തെ അനുഗമിച്ചിരുന്നു. അവിടെ വെച്ച് ഇരു കുടുംബങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും സൂഫിയാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഒളിവില്‍ പോയ സുഫിയാനെയും കുടുംബത്തേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.






