Sorry, you need to enable JavaScript to visit this website.

'കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമല്ല'; പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം

കൊച്ചി - കണ്ണൂർ സർവകലാശാലയിലെ വിവാദമായ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുളള പ്രവർത്തനവും അധ്യാപന പരിചയമല്ലെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി.
  ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും കോടതി  ചോദിച്ചു. അധ്യാപന പരിചയം എന്നാൽ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി ഓർമിപ്പിച്ചു. 
 പ്രിയ വർഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യു.ജി.സി ആവർത്തിച്ചു. 10 വർഷം അസി. പ്രൊഫസറായി അധ്യാപന പരിചയം വേണം. അത് അവർക്ക് ഇല്ല. പ്രിയയുടെ ഹാജരിലും യു.ജി.സി സംശയം പ്രകടിപ്പിച്ചു. പി.എച്ച്.ഡി കാലയളവിലെ ഹാജർ രേഖയിലാണ് യു.ജി.സി സംശയം പ്രകടിപ്പിച്ചത്. 147 ഹാജർ വേണ്ടിടത്ത് പത്ത് ഹാജരാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജർ തൃപ്തികരമെന്ന് സർട്ടിഫിക്കറ്റ് നല്കിയെന്ന് യു.ജി.സി കുറ്റപ്പെടുത്തി.
 പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോടു  ഹൈക്കോടതി ചോദിച്ചിരുന്നു. ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയിൽ വിട്ടുവീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി.
അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ഇന്നലെ കോടതി ഓർമിപ്പിച്ചിരുന്നു. എന്നാൽ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലം.

Latest News