വിവാദ ഫോട്ടോ; യുവതിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂരും

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനോടൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍.
യഥാര്‍ഥ മനുഷ്യരെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്ന കാര്യം ട്രോളന്മാര്‍ മനസ്സിലാക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. രോഗാതുര മനസ്സാണ് ഇത്തരം ട്രോളുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറിലെറെ പേര്‍ പങ്കെടുത്ത ഒരു സ്വീകരണത്തില്‍ എടുത്ത ഫോട്ടോയുടെ പേരിലാണ് പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നത്. ഈ ചടങ്ങില്‍ അമ്പതിലേറെ ഫോട്ടോകള്‍ക്ക് താന്‍ പോസ് ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ വിശദീകരിച്ചു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ശശി തരൂരിനോടൊപ്പമുള്ള തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുകയാണെന്ന് യുവതി ട്വീറ്റ് ചെയ്തിരുന്നു. ഫോട്ടോ താന്‍ നീക്കം ചെയ്തുവെന്നും മറ്റു പേജുകളില്‍നിന്നും ഫോട്ടോ ഒഴിവാക്കണമെന്നും യുവതി അഭ്യര്‍ഥിച്ചു.
താന്‍ ക്ഷണിക്കപ്പെട്ട സാഹിത്യോത്സവത്തിലാണ് ശശി തരൂരിനെ കണ്ടതെന്നും മറ്റു പലരേയും പോലെ ഫോട്ടോ എടുത്തതാണെന്നും അവര്‍ വിശദീകരിച്ചു. വലിയ എഴുത്തുകാരനോടൊപ്പം ഫോട്ടോ എടുത്തു എന്നതല്ലാതെ വ്യക്തിപരമായോ രാഷ്ട്രീയമായോ ഇതിനു ബന്ധമില്ല. പക്ഷേ ആളുകള്‍ മോശം കഥകള്‍ മെനയുകയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News