തിരുവനന്തപുരം- ഗവര്‍ണറെ പിടിച്ചുകെട്ടാനുള്ള പുറപ്പാടില്‍ തന്നെയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തി ഭരണകക്ഷി പുതിയ ചരിത്രം കുറിച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാനാണ് അടുത്ത നീക്കം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത. ഇതിനായി പ്രത്യേക സഭാസമ്മേളനം ഡിസംബറില്‍ വിളിച്ചുചേര്‍ക്കാനും നീക്കം നടക്കുന്നുണ്ട്. ചാന്‍സലര്‍ പദവി നീക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
പുഞ്ചികമ്മീഷന്‍ റിപ്പോര്‍ട്ട് ആധാരമാക്കി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു നീക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. അതിനായാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഗവര്‍ണറുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും രാഷ്ട്രപതിക്ക് അയ്ക്കുമെന്നും ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവരാനുള്ള ശ്രമം. ബില്‍ കൊണ്ടുവന്നാലും ഗവര്‍ണര്‍ നിലപാട് മാറ്റില്ലെന്നാണ് സൂചന.
അടുത്ത വര്‍ഷത്തെ സഭാസമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രസംഗം ഒഴിവാക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷത്തെയും ആദ്യത്തെ പുതിയ സമ്മേളനത്തിലാണ് നയപ്രസംഗം നടത്തേണ്ടത്. ഈ സമ്മേളനത്തിലാണ് ബജറ്റും അവതരിപ്പിക്കുന്നത്. അതിനാല്‍ ജനുവരി ഒന്നിന് മുന്നേ സഭാ സമ്മേളനം ചേര്‍ന്ന് ബജറ്റ് അവതരിപ്പിച്ച് പിരിയാനാണ് നീക്കം.