Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ഇളവ്

റിയാദ് - മാനുഷിക സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. ലെവി ബാധകമല്ലാത്ത മിനിമം പരിധിയിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള മാനുഷിക കേസുകളിൽ വീട്ടുവേലക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽയെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മക്കയിലും മദീനയിലും ടൂറിസം ആതിഥേയ മേഖലാ സ്ഥാപനങ്ങളിൽ (ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും) നിയമിക്കുന്ന സ്വദേശികളുടെ വേതനത്തിന്റെ നിശ്ചിത ശതമാനം മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുന്നതിന്റെ കാലയളവ് രണ്ടു വർഷത്തിൽ നിന്ന് മൂന്നു വർഷമായി ദീർഘിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 
ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമാക്കാൻ എട്ടു മാസം മുമ്പാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. സൗദി പൗരന്റെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്കും വിദേശിയുടെ സ്‌പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുള്ള വേലക്കാർക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കാനാണ് തീരുമാനം. രണ്ടു ഘട്ടമായാണ് തീരുമാനം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന, സൗദി പൗരനു കീഴിലെ നാലിൽ കൂടുതലായി വരുന്ന ഗാർഹിക തൊഴിലാളികൾക്കും വിദേശിക്കു കീഴിലെ രണ്ടിൽ കൂടുതലായി ഉയരുന്ന വേലക്കാർക്കും കഴിഞ്ഞ ശവ്വാൽ 21 മുതൽ ലെവി ബാധകമാക്കി. ഈ വർഷം ശവ്വാൽ 21 മുതൽ സൗദി പൗരനു കീഴിലെ നാലിൽ കൂടുതലുള്ള പുതിയതും പഴയതുമായ ഗാർഹിക തൊഴിലാളികൾക്കും വിദേശിക്കു കീഴിലെ രണ്ടിൽ കൂടുതലുള്ള മുഴുവൻ വേലക്കാർക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കും. പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം ലെവി ബാധകമല്ലാത്ത, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള മെഡിക്കൽ പരിചരണം, വികലാംഗ പരിചരണം പോലെയുള്ള മാനുഷിക കേസുകളിൽ വീട്ടുവേലക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കും. 
സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഇവരുടെ ആശ്രിതർക്കും ലെവി ബാധകമാണ്. സ്വകാര്യ മേഖലാ ജീവനക്കാർക്ക് മാസത്തിൽ 800 റിയാൽ തോതിലും ആശ്രിതർക്ക് 400 റിയാൽ തോതിലുമാണ് ലെവിയായി അടക്കേണ്ടത്. നേരത്തെ ഒരു വർഷത്തെ ലെവി മുൻകൂട്ടി ഒന്നിച്ച് അടക്കുകയായിരുന്നു വേണ്ടത്. നിലവിൽ ത്രൈമാസ അടിസ്ഥാനത്തിൽ ലെവി അടക്കാൻ സൗകര്യമുണ്ട്. 
സൗദിയിൽ 2014 മുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കി തുടങ്ങിയത്. പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിന് 2,400 റിയാലാണ് ലെവി ഇനത്തിൽ അടക്കേണ്ടിയിരുത്. അതിനു മുമ്പ് വർക്ക് പെർമിറ്റ് ഫീസ് ആയി പ്രതിവർഷം 100 റിയാൽ മാത്രം അടച്ചാൽ മതിയായിരുന്നു. 2017 മധ്യം മുതൽ ആശ്രിത ലെവിയും നിലവിൽവന്നു. 
2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. 2017 അവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കി. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് 2018 ൽ ലെവിയായി അടക്കേണ്ടിയിരുന്നത്. 2019 ൽ പ്രതിമാസ ലെവി 600 റിയാലും 2020 ൽ 800 റിയാലും ആയി ഉയർത്തി. 
2017 ജൂലൈ മുതലാണ് ആശ്രിത ലെവി നിലവിൽ വന്നത്. ആശ്രിതരിൽ ഒരാൾക്ക് മാസത്തിൽ 100 റിയാൽ തോതിലാണ് തുടക്കത്തിൽ ലെവി നൽകേണ്ടിയിരുന്നത്. 2018 ജൂലൈ മുതൽ ഇത് 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലും 2020 ജൂലൈ മുതൽ 400 റിയാലും ആയി ഉയർന്നു.
 

Latest News