Sorry, you need to enable JavaScript to visit this website.

മഹാവിപത്തിന്റെ 70 വർഷങ്ങൾ; ഫലസ്തീനി സ്വപ്‌നങ്ങളിൽ മടക്കയാത്ര

റാമല്ല- താഹിർ ശർഖാവിക്ക് വയസ്സ് 31 ആയി. നാടും വീടും ഇതുവരെ സന്ദർശിച്ചിട്ടില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അമരി അഭയാർഥി ക്യാമ്പിലാണ് ഈ ഫലസ്തീനി യുവാവ് ജനിച്ചതും വളർന്നതും. വീട് 50 കി.മീ അകലെ ഇസ്രായിലനകത്തുള്ള കഫർകന്നാ പട്ടണത്തിലാണ്. 1948 ൽ ശർഖാവിയുടെ പിതാമഹനെ ആട്ടിയറിക്കി ആഴ്ചകൾക്കു ശേഷം ഇസ്രായിലികൾ തകർത്ത പട്ടണമാണ് കഫർ അന. അവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്‌കൂളുകൾ ഉണ്ടായിരുന്നുവെന്നും പ്രപിതാക്കളുടെ ഓറഞ്ച് തോട്ടങ്ങൾ വിളഞ്ഞിരുന്നുവെന്നുമാണ് ശർഖാവിയുടെ കേട്ടറിവ്.  
ഞാനവിടെ പോയിട്ടില്ല. പക്ഷേ ധാരാളം കേട്ടിട്ടുണ്ട്. നാമാവശേഷമാക്കിയ ആ പട്ടണത്തെ കുറിച്ച് ആവശത്തോടെ പഠിച്ചിട്ടുണ്ട്. ഇന്റർനെറ്റിൽ വായിച്ചിട്ടുണ്ട് -ശർഖാവി എ.എഫ്.പിയോട് പറഞ്ഞു.
നാടും വീടുമില്ലാതെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന 50 ലക്ഷത്തോളം ഫലസ്തീനികളിൽ ഒരാളാണ് താഹിർ ശർഖാവി. ലബനോൻ, ജോർദാൻ, സിറിയ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ് ഈ ജനത സ്വന്തം നാട് സ്വപ്‌നം കണ്ടുകഴിയുന്നത്. ഇസ്രായിൽ രൂപീകരണം സംഭവിച്ച 1948 ലെ മഹാദുരന്തത്തിൽ (നക്ബ) സ്വന്തം വീടുകളിൽനിന്ന് കുടിയിറക്കിയ  ഏഴു ലക്ഷത്തോളം ഫലസ്തീനികളുടെ പിൻമുറക്കാരാണ് ഈ അഭയാർഥികളിൽ ബഹുഭൂരിഭാഗവും. ശർഖാവിയെ പോലെ സ്വന്തം തറവാടും നാടും കാണാത്തവർ. ഓർമകൾ പോലും അവശേഷിപ്പിക്കാത്ത വിധം ഇസ്രായിൽ അധികൃതർ തകർത്തുകളഞ്ഞ നാടുകളിലെ പിന്മുറക്കാർ.
ആ കൂട്ടകുടിയിറക്കലിന് മെയ് 15 ന് ഏഴ് പതിറ്റാണ്ട് പൂർത്തിയാവുകയാണ്. എന്നെങ്കിലും തിരിച്ചുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയും സ്വപ്‌നവുമായി കഴിയുന്ന ഫലസ്തീൻ അഭയാർഥികൾ ദൃഢനിശ്ചയം ഇനിയും ഉപേക്ഷിച്ചിട്ടില്ല. 
ഇസ്രായിൽ സൈനികർ ആയുധ സജ്ജരായി എത്തിയപ്പോൾ പലായനം ചെയ്ത ഓർമകളിലായിരുന്നു ശർഖാവിയുടെ അടുത്തിരുന്ന പിതാവ് നബീലും മാതാമഹി ഖദീജയും. ഖദീജക്ക് ഇപ്പോൾ 85 വയസ്സായി. പിതാവിന്റെ തോട്ടങ്ങളുടെ സുഭിക്ഷതയിൽനിന്ന് അമരി ക്യാമ്പിന്റെ ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ട ശേഷം 70 വർഷം പിന്നിടുമ്പോൾ നഷ്ടസ്വപ്‌നങ്ങൾ താലോലിക്കുകയാണ് നബീൽ. 
പുരാതന നാടുകളെ കുറിച്ചും ഭവനങ്ങളെ കുറിച്ചും പുതിയ തലമുറ വിസ്മരിക്കുമെന്ന് അദ്ദേഹം കരുതുന്നില്ല. ശൈഖ് ഗൂഗിളുണ്ട്. അതു തുറന്നാൽ അവർക്ക് കണ്ടെത്താം. എവിടെയായിരുന്നു കഫ്‌റഅ്‌നാ എന്ന് അവർക്ക് കണ്ടെത്താൻ കഴിയും. സ്വന്തം ഭൂമി എവിടെ ആയിരുന്നുവെന്ന് കണ്ടെത്താൻ ഗൂഗിൾ സഹായിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് നബീൽ പറഞ്ഞു.
അതേസമയം, തന്റെ പിതാമഹന്മാർ ജീവിച്ച അൽ നആനി ഗ്രാമത്തെ കുറിച്ച് 19 കാരനായ അലിക്ക് ഒന്നുമറിഞ്ഞകൂടാ. 1948 ൽ ഇസ്രായിലികൾ തകർത്ത ഗ്രാമങ്ങളിലൊന്നാണ് അൽ നആനി. എന്റെ ചെറുപ്പത്തിൽ തന്നെ അവരൊക്കെ മരിച്ചു പോയി. പിന്നീട് ആരും ജന്മനാടിനെ കുറിച്ചൊന്നും സംസാരിച്ചു കേട്ടിട്ടില്ല -അലി പറഞ്ഞു.
ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിൽ ഏറ്റവും കഠിനമായി തുടരുന്ന കാര്യമാണ് അഭയാർഥികളുടെ മടക്കം. ഇസ്രായിൽ പൂർണമായി നിരാകരിക്കുന്ന വിഷയമാണിത്. ഫലസ്തീനികളിൽ ഒരു ചെറിയ വിഭാഗത്തെയെങ്കിലും മടങ്ങാൻ അനുവദിച്ചാൽ അത് ജൂത രാഷ്ട്രത്തിന്റെ അവസാനമായിരിക്കുമെന്ന് അവർ വിലയിരുത്തുന്നു. 
എന്നാൽ നാടിനെ കുറിച്ചുള്ള ഓർമകൾ തലമുറകളായി കൈമാറി വരുന്ന ഫലസ്തീനികൾക്ക് അഭയാർഥികളുടെ മടക്കം സുപ്രധാനമാണ്. അതൊഴിവാക്കിയുള്ള ഫലസ്തീനി പ്രശ്‌ന പരിഹാരം അവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും കഴിയില്ല. സ്വന്തം പട്ടണത്തിന്റെയോ ഗ്രാമത്തിന്റെയോ റോഡിന്റെയോ പേരല്ല അവർ പറയുന്നത്. ഫലസ്തീനികളാണെന്നു മാത്രം.
തങ്ങൾക്ക് ലോകത്തെ ഏറ്റവും മനോഹരമായ ഒരു രാജ്യമുണ്ടായിരുന്നുവെന്ന് ഫലസ്തീനികളെ ഓർമിപ്പിക്കുന്ന ഒരാളുണ്ട് ഇസ്രായിലിൽ. ഇസ്രായിലായി മാറിയ ഭൂപ്രദേശത്ത് ഫലസ്തീനി കുടുംബത്തോടൊപ്പം കഴിയുന്ന ബക്കർ ഫഹ്മാവി. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും കെട്ടിടങ്ങളും ക്യാമറയിൽ പകർത്തി കഴിഞ്ഞ അഞ്ച് വർഷമായി തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം പോസ്റ്റ് ചെയ്യുന്നു. ഒരിക്കലും കാണാത്ത നാടിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ താലോലിക്കുന്നവർക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് ബക്കർ ഫഹ്മാവി എ.എഫ്.പിയോട് ടെലിഫോണിൽ പറഞ്ഞു. 
ഇസ്രായിലും ഈജിപ്തും അതിർത്തികൾ അടച്ചതിനെ തുടർന്ന് ദുരിതത്തിലായ ഗാസയിലെ ജനങ്ങൾ മാർച്ച് 30 ന് ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. ഇന്റർനെറ്റ് മാത്രമാണ് ഗാസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗം. സ്വദേശത്തേക്ക് മടങ്ങാനുള്ള അവകാശത്തിനു വേണ്ടി അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ 50 ലേറെ ഫലസ്തീനികളെയാണ് ഇതിനകം ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയത്. സംഘർഷത്തിൽ ഒറ്റ ഇസ്രായിലിക്കും പരിക്കേറ്റിട്ടില്ല.
പ്രതിഷേധം മറയാക്കി ഹമാസ് ആക്രമണം നടത്തുകയാണെന്ന് ഇസ്രായിൽ ആരോപിക്കുമ്പോൾ യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും ഉയർത്താത്ത നിരപരാധികളെയാണ് ഇസ്രായിൽ സൈന്യം വെടിവെച്ചു കൊല്ലുന്നതെന്ന് ഹമാസ് ആരോപിക്കുന്നു. 
നകബ് അനുസ്മരണവും പ്രക്ഷോഭവും കൂടുതൽ രക്തരൂഷിതമാകുമെന്ന സൂചനയാണ് ഗാസ നൽകുന്നത്. സൈന്യത്തെ ഭയപ്പെടാതെ ഫലസ്തീനികൾ അതിർത്തിയിലേക്ക് നീങ്ങുകയാണ്. 
1948 ൽ ഉപേക്ഷിച്ച അൽ ജിയ്യയിലെ തറവാടിന്റെ താക്കോൽ സൂക്ഷിക്കുന്നുണ്ട് 16 കാരി ഷൈമ അബീദ്. ഗാസയിൽനിന്ന് 19 കി.മീ മാത്രം അകലെയാണ് അൽ ജിയ്യ. ആ ഗ്രാമത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചും അവിടത്തെ കൃഷിയെക്കുറിച്ചുമൊക്കെ പിതാമഹൻ ധാരാളം പറഞ്ഞുതന്നിട്ടുണ്ട്. വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്തു ചൂടും സമ്മാനിക്കുന്നതാണ് ഞങ്ങളുടെ ആ വീട്. തറവാട്ടിലേക്ക് ഞങ്ങൾ ഒരു ദിവസം മടങ്ങുക തന്നെ ചെയ്യും -ഷൈമ അബീദ് പറയുന്നു.  


 

Latest News