Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ 384 കേസുകള്‍

ന്യൂദല്‍ഹി-രാജ്യത്ത് ജനപ്രതിനിധികള്‍ക്കെതിരായ ആയിരത്തോളം കേസുഖള്‍ അഞ്ചു വര്‍ഷത്തിലേറെയായി വിവിധ കോടതികളില്‍ കെട്ടിക്കിടുക്കുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകളില്‍ അതിവേഗ വിചാരണ നടത്താന്‍ നിര്‍ദേശിക്കണമെന്ന് വിഷയം പഠിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ആകെ 384 കേസുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 22 കേസുകളും അഞ്ചു വര്‍ഷത്തിലേറെയായ് തീര്‍പ്പാകാതെ കോടതിയില്‍ കെട്ടിക്കിടക്കുന്നതാണെന്നും വിജയ് ഹന്‍സാരി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പതിനാറ് ഹൈക്കോടതികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
    ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അഞ്ചു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്നതില്‍ ഒഡീഷയാണ് ഏറ്റവും മുന്നില്‍. 323 കേസുകളാണ് ഒഡീഷയില്‍ ഇത്തരത്തിലുള്ളത്. ജനപ്രതിനിധികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള മഹരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 484ഉം അഞ്ചു വര്‍ഷത്തിലേറെയായ കേസുകളുടെ എണ്ണം 169 ഉം ആണ്.
    സിറ്റിംഗ് എംപിമാരും മുന്‍ എംപിമാരും ആയി 51 പേര്‍ക്കെതിരേ കള്ളപ്പണ കേസുണ്ട്. സിറ്റിം എംഎഎല്‍എമാരും മുന്‍ എംഎല്‍എമാരുമായ 71 പേര്‍ കള്ളപ്പണം നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്. നിലവിലെ ജനപ്രതിനിധികളും അല്ലാത്തവരുമായ 121 എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരേ സിബിഐ കേസുകളുമുണ്ട്. ഈ കേസുകളുടെ എല്ലാം വിചാരണ മുടങ്ങിക്കിടക്കുകയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
    കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഉള്‍പ്പെട്ട 51 എംപിമാരില്‍ 14 പേര്‍ സിറ്റിംഗ് എംപിമാരാണ്. 37 പേര്‍ മുന്‍ എംപിമാരും അഞ്ച് പേര്‍ മരണമടഞ്ഞവരുമാണ്. സിബിഐ കേസില്‍ അകപ്പെട്ട 112 എംഎല്‍എമാരില്‍ 34 പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്. 78 മുന്‍ എംഎല്‍എമാരുമുണ്ട്. അഞ്ച് പേര്‍ മരണമടഞ്ഞവരാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Latest News