തൃശൂര്‍- നെയ്മറുടെ ബ്രസീല്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് കണക്കുകള്‍ നിരത്തി ഒന്നാം ക്ലാസുകാരന്റെ പ്രവചനം. വെങ്ങിനിശ്ശേരി സ്വദേശി റെനിഷിന്റെയും ഷബാനയുടെയും മകന്‍ റാദിന്റെ പ്രവചനം ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങള്‍ വൈറലാക്കി.
പ്രിയ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ആണെങ്കിലും നെയ്മറുടെ ബ്രസീല്‍ ഖത്തര്‍ കിരീടമുയര്‍ത്തുമെന്നാണ് കുഞ്ഞു റാദിന്റെ നിരീക്ഷണം. അതിലുപരി ലോകകപ്പിലെ ഓരോ ഗ്രുപ്പിലെയും താരങ്ങളെയും നിരീക്ഷിച്ച്, അവരുടെ കരുത്തും ന്യുനതകളും സാധ്യതതകളും റാദിന്‍ എടുത്തു പറയുന്നു.
എ ഗ്രുപ്പില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ബി ഗ്രുപ്പില്‍ നിന്ന് ഇംഗ്ലണ്ടും സി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഡി യില്‍ ഡെന്മാര്‍ക്കും ഇ യില്‍ ജര്‍മ്മനിയും എഫില്‍ ബെല്‍ജിയവും ജി യില്‍ ബ്രസീലും എച്ച് ഗ്രൂപ്പില്‍ ഇഷ്ട ടീമായ പോര്‍ച്ചുഗലും മുന്നിലെത്തുമെന്നാണ് റാദിന്റെ പ്രവചനം. പ്രീ ക്വര്‍ട്ടറില്‍ മെസ്സിപ്പട പുറത്താകുമെന്നും റാദ് പറയുന്നു.
കൊച്ചു മിടുക്കന്റെ ഫുട്‌ബോള്‍ പ്രേമത്തെയും താല്‍പര്യത്തെയും മാതാപിതാക്കള്‍ ഒപ്പം ചേര്‍ത്തു പിടിക്കുന്നുണ്ടെന്നു തെളിവ് കൂടിയാണ് യു കെ ജി മുതലുള്ള റാദിന്റെ ഫുട്‌ബോള്‍ പരിശീലനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ തരമാകണമെന്നാണ് റാദിന്റെ ആഗ്രഹം.