കണ്ണൂർ - തന്റെ മനസ് ബി.ജെ.പിക്കൊപ്പമെന്ന ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എ.കെ.ജി സെന്ററിൽ നിന്നാണ് സുരേന്ദ്രനും പ്രസ്താവന എഴുതി നല്കുന്നത് എന്നതിനുള്ള ഒന്നാന്തരം തെളിവാണിത്. സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം എന്നേ പറയാനുള്ളൂ. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബി.ജെ.പിയ്‌ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓർമകൾ ബി.ജെ.പിയ്‌ക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലാണെങ്കിലും സുധാകരന്റെ മനസ്സ് ബി.ജെ.പിയ്‌ക്കൊപ്പമാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര കുഴൽപ്പണക്കേസ് ഒതുക്കി തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികമാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരളരാഷ്ട്രീയം പഠിക്കുന്ന ഏതൊരാൾക്കും മനസിലാവും. ബി.ജെ.പിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യൻ മനസാക്ഷിയുണർത്താനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോൽപ്പിക്കാൻ പിണറായി-സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതിൽ നിന്നെല്ലാം മുഖം രക്ഷിക്കാൻ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോൾ കേരളം കാണുന്നത്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ഇ.ഡിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്നവരല്ല യഥാർത്ഥ കോൺഗ്രസുകാർ. ഇ.ഡിയോട് പോയി പണി നോക്കാൻ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് കോൺഗ്രസുകാർ.
ബി.ജെ.പിയെ സുഖിപ്പിക്കാൻ അമിത്ഷായെ ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള വള്ളം കളിയ്ക്ക് കോൺഗ്രസുകാർ ക്ഷണിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാൻ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സർക്കാർ പ്രതിനിധികളെ അയച്ചിട്ടില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോൽപ്പിക്കാൻ കമ്മി-സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ നരേന്ദ്ര മോദിയ്ക്കു മുന്നിൽ ശിരസ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസുള്ളവരെന്ന് കേരളത്തിൽ ആർക്കാണറിയാത്തത്.
തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണ്. ഇക്കഴിഞ്ഞ നവംബര് ഒമ്പതിന് നടന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പിൽ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകൾ വലിയ തോതിൽ നഷ്ടപ്പെട്ടു. തൃക്കാക്കരയിൽ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയിൽ വൻ ജനാവലി രാഹുൽഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേർന്നു നടന്നു. ഇതിനെയെല്ലാം സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ഭയന്നിരിക്കുകയാണെന്നും കോൺഗ്രസിനും തനിക്കുമെതിരെയുള്ള പ്രചാരവേലകൾ വിലപ്പോവില്ലെന്നും സുധാകരൻ വ്യക്തമാക്കി.