Sorry, you need to enable JavaScript to visit this website.

കെ. സുധാകരന്റെ ഡയലോഗുകള്‍  അതിര് വിടുന്നു,പരാതി ഹൈക്കമാന്‍ഡിന് 

കണ്ണൂര്‍- ആര്‍എസ്എസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. സുധാകരന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം. സുധാകരനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ ചില പ്രസ്താവനകളില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ യുഡിഎഫിലെ ഘടകകക്ഷികളും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. സുധാകരനെ വിമര്‍ശിച്ച് മുസ്‌ലിം  ലീഗ് രംഗത്തെത്തിയിരുന്നു.
കെ സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവന അനവസരത്തിലെന്നും, മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതു വേദിയില്‍ പറയുന്നത് ശരിയല്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് സുധാകരനോട് വിശദീകരണം ചോദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കെഎസ്യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായത്. എന്നാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വാക്കു പിഴയാണെന്നാണ് സുധാകരന്റെ വിശദീകരണം.

Latest News