Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഇറച്ചിക്കോഴികളുടെ വില കുതിക്കുന്നു

കൊല്ലം- കേരളത്തിൽ ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു. വില നിയന്ത്രിക്കാൻ നടപടിയില്ലാതെ സർക്കാർ മൗനം പാലിക്കുകയാണ്. 
തമിഴ്‌നാട്ടിലെ ഇറച്ചിക്കോഴി ഉൽപാദനത്തിൽ കുറവുണ്ടായതോടെ കേരളത്തിൽ കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുകയാണ്. നിലവിൽ 120 രൂപ മുതലാണ് കേരളത്തിലെ ഇറച്ചിക്കോഴി വില .ഒരു മാസം മുമ്പ് എഴുപത് രൂപ വിലയുണ്ടായിരുന്ന കോഴിവിലയാണ് ഇപ്പോൾ ഇരട്ടിയോളം ഉയർന്നിരിക്കുന്നത്. കേരളത്തിൽ കോഴിഫാമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഇറച്ചിക്കോഴികളെ ഉൽപ്പാദിപ്പിക്കുവാൻ കഴിയുന്നില്ല. ഇറച്ചിക്കോഴികൾക്കായി കേരളം പ്രധാനമായി ആശ്രയിക്കുന്നത് അയൽ സംസ്ഥാനമായ തമിഴ്‌നാടിനെയാണ് .അതുകൊണ്ട് തന്നെ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കുന്നതും തമിഴ് നാടൻ മൊത്തക്കച്ചവടക്കാരാണെന്ന് പറയാം. തമിഴ്‌നാട്ടിൽ കോഴി കർഷകർക്ക് സർക്കാർ നൽകിയിരുന്ന കോഴിത്തീറ്റ, വൈദ്യുതി എന്നിവയുടെ സബ്‌സിഡി നിർത്തലാക്കിയതിനാൽ ഉൽപ്പാദന ചിലവ് വർദ്ധിച്ചതാണ് കോഴി വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രവുമല്ല സബ്‌സിഡികൾ ഇല്ലാതായതോടെ ഉൽപ്പാദന ചിലവിലുണ്ടായ വർധനവ് മൂലം നിരവധി കർഷകർ ഫാമുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ ഉൽപ്പാദനത്തിലുണ്ടായ കുറവും വിലവർധനവിന് കാരണമായിട്ടുണ്ട്. ഇടുക്കി അടക്കമുള്ള ജില്ലകളിൽ ഇറച്ചിക്കോഴിയുടെ ഉൽപ്പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. 
ജി.എസ്.ടി  നടപ്പിലായതോടെ കോഴി തീറ്റകൾക്കും മരുന്നുകൾക്കും വിലകൂടിയതും കോഴി കൃഷി പ്രതിസന്ധിയിലാകാൻ കാരണമായിട്ടുണ്ട്. കോഴിയിറച്ചിയുടെ വില വർധിച്ച സാഹചര്യത്തിൽ ചിക്കൻ ബിരിയാണിയും മറ്റ് ചിക്കൻ വിഭവങ്ങളും അടക്കമുള്ളവക്ക് ഹോട്ടലുകളിലും വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹോട്ടലുടമകളും പറയുന്നു. 
 

Latest News