നാക്കുപിഴയും വാക്കുപിഴയും കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന് പുത്തരിയല്ല. എന്തൊക്കെ വിവാദങ്ങളുണ്ടായാലും അദ്ദേഹം കുലുങ്ങുകയുമില്ല. അണികളില്‍ ആവേശം പകരാന്‍ കെല്‍പുള്ള, വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന, എതിരാളികളെ കശക്കിവിടുന്ന പുതിയ അധ്യക്ഷന്‍ വന്നപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെയാണ് വരവേറ്റത്. എന്നാല്‍ തുടര്‍ച്ചയായുള്ള നാവുപിഴകള്‍ അദ്ദേഹത്തിന് മാത്രമല്ല, പാര്‍ട്ടിക്കും വിനയായി ഭവിക്കുകയാണ്.
പറയുന്ന എല്ലാറ്റിനും രണ്ടാമത് വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് അദ്ദേഹത്തിന്. സ്ഥാനമേറ്റസമയത്ത് അദ്ദേഹം മുഖ്യമന്ത്രി പിണറായിയുമായി വാക് യുദ്ധം നടത്തിയപ്പോള്‍ അണികള്‍ക്ക് ആവേശത്തിമര്‍പ്പായിരുന്നു. പിന്നീട് അജ്ഞാതമായ കാരണങ്ങളാല്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി വെടിനിര്‍ത്തി. ഇപ്പോള്‍ എതിരാളികള്‍ക്ക് പുതിയ ആയുധങ്ങളാണ് അദ്ദേഹം കൊടുക്കുന്നത്. പ്രത്യേകിച്ച് ആര്‍.എസ്.എസ് അനുകൂലമെന്ന് തോന്നിക്കുന്ന പ്രസ്താവനകള്‍ വഴി.
യഥാര്‍ഥത്തില്‍ എന്താണ് സുധാകരന് സംഭവിച്ചത്. മനസ്സിലിരുപ്പ് പതിയെ വെളിപ്പെടുത്തുകയാണോ.. എന്തെങ്കിലും രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണോ.. അതോ അറിവില്ലായ്മ കൊണ്ടും എടുത്തുചാട്ടം കൊണ്ടും സംഭവിക്കുന്ന നിഷ്‌കളങ്കമായ പിഴവോ... ഒന്നും വ്യക്തമല്ല.
ബി.ജെ.പിയിലേക്ക് പോകേണ്ടി വന്നാല്‍ പോകും എന്ന കെ. സുധാകരന്റെ പരാമര്‍ശം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പരാമര്‍ശം. അമിത് ഷായുമായി ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആര്‍.എസ്.എസ്. ശാഖാ സംരക്ഷണ പരാമര്‍ശവും ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംഘടനാ കോണ്‍ഗ്രസ് വിഭാഗം കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എടക്കാട് മണ്ഡലത്തിലെ ചിലയിടങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ അയച്ച് സഹായം നല്‍കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. ശാഖകള്‍ തകര്‍ക്കാനും അടിച്ചുപൊളിക്കാനും സി.പി.എം. ശ്രമിച്ചപ്പോള്‍ പൗരന്‍മാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
രാവണനെ വധിച്ച ശേഷം സീതക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരിച്ചുവരുമ്പോള്‍ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു മറ്റൊരു വിവാദ വിഷയം. 'തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞു' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് തെക്കന്‍ ജില്ലക്കാരെ അപമാനിക്കുന്നതാണ് എന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. തെക്ക് വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യം ചെയ്തുള്ള വിവാദപരാമര്‍ശവും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പിന്നീട് ഈ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
തൃക്കാക്കര തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയായിരുന്നു കെ. സുധാകരന്റെ മറ്റൊരു വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ നടത്തുന്ന കഠിന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ. സുധാകരന്‍ 'നായ' പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകന്‍' പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 'ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍' എന്നാണ് സുധാകരന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരായി മത്സരിച്ച ശശി തരൂര്‍ എം.പിക്കെതിരേയും അദ്ദേഹത്തിന്റെ 'നാക്കുപിഴ' ഉണ്ടായി. അദ്ദേഹത്തിനെതിരേയുള്ള സുധാകരന്റെ 'ട്രെയിനി' പരാമര്‍ശത്തില്‍ തരൂര്‍ തന്നെ രംഗത്തെത്തിയിരുന്നു.