കുഫോസ് വിധി: രാജ്ഭവന്‍ സമരത്തിന്റെ വീര്യം കെടുത്തും

തിരുവനന്തപുരം - ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുന്നില്‍ നടക്കുന്ന സി.പി.എം സമരത്തിന്റെ വീര്യം കെടുത്താന്‍ പോന്നതാണ് കുഫോസ് വി.സി വിധി. കെ.ടി.യു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് വി.സിയെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവുമുണ്ടായത്. പുറത്താക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയ വിധിയോടെ മറ്റ് വിസിമാരുടെ ഭാവി എന്തായിരിക്കുമെന്നത് വ്യക്തമാണ്.
കെ.ടി.യു കേസിലെ സുപ്രീം കോടതി വിധിക്കൊപ്പം കുഫോസ് വിധിയും ആയുധമാക്കിയാകും മറ്റ് ഒമ്പത് വിസിമാര്‍ക്കെതിരായ ഗവര്‍ണറുടെ നടപടി. നോട്ടീസ് ലഭിച്ചവരില്‍ ഏറെയും ഒറ്റപ്പേരില്‍ നിയമിക്കപ്പെട്ടവര്‍, ഒന്നിലധികം പേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധമായി അക്കാദമിക് വിദഗ്ധര്‍ക്ക് പകരം സര്‍ക്കാര്‍ പ്രതിനിധികളുമുണ്ടായിരുന്നു.
മറ്റുള്ളവര്‍ക്ക് യോഗ്യതയില്ലെങ്കില്‍ വി. സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഒറ്റപ്പേര് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍ എന്താണ് പ്രശ്‌നം,യു.ജി.സി മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങള്‍ക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാര്‍ ഇതുവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ക്കുള്ള വന്‍ തിരിച്ചടിയാണ് കുഫോസ് വിധി. യു.ജി.സി മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന ഗവര്‍ണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വി.സിയെ ഹൈക്കോടതി പുറത്താക്കി.  
ഗവേഷണ കാലയളവ് പ്രവൃത്തിപരിചയമായി കണക്കാക്കാനാകില്ലെന്ന വിധി പ്രിയ വര്‍ഗീസ് കേസിലും സര്‍ക്കാരിന് തിരിച്ചടിയായേക്കാം. ഗവേഷണ കാലയളവ്  പ്രവൃത്തിപരിചയമായി കണക്കാക്കിയെന്നായിരുന്നു പ്രിയക്കെതിരായ പരാതികളിലൊന്നായി വിലയിരുത്തപ്പെട്ടത്. സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തെറ്റാണെന്നും വി.സി നിയമനത്തിന് യു.ജി.സി മാനദണ്ഡങ്ങള്‍ക്കാണ് പ്രാധാനം എന്ന് കോടതി പറഞ്ഞത് ഗവര്‍ണരുടെ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരം തന്നെയാണ്.

 

Latest News