തൈമയുടെ പെരുമ തെരുവുകളില്‍ പുനര്‍ജനിച്ചു, മടങ്ങിവരും ആ പ്രൗഢി

തബൂക്ക്- തൈമയുടെ തെരുവുകളില്‍ ചരിത്രം പുനര്‍ജനിച്ചു. പുരാതനകാലത്തിന്റെ വാണിജ്യദൃശ്യങ്ങള്‍ പഴമയുടെ നിറങ്ങൡ പുനരവതരിച്ചപ്പോള്‍ കാണുകള്‍ക്ക് അത് പുതിയ കാഴ്ചാനുഭവമായി.
ലോകത്തെ ഏറ്റവും പ്രസിദ്ധവും പ്രാധാന്യമേറിയതുമായ വാണിജ്യകേന്ദ്രമായിരുന്നു ഒരിക്കല്‍ തൈമ ഗവര്‍ണറേറ്റ്. ആ പ്രൗഢി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് റോയല്‍ കമ്മീഷന്‍ ഓഫ് അല്‍ ഉല. അതിന്റെ ഭാഗമായാണ് പഴയകാല പെരുമയുടെ ആവിഷ്‌കാരങ്ങള്‍ തെരുവില്‍ നിറഞ്ഞത്.
നിരവധി പൈതൃക കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് തൈമ. ചരിത്രപ്രാധാന്യമുള്ള തൈമ മരുപ്പച്ച, അല്‍ നജീം മാര്‍ക്കറ്റ്, ഹദജ് കിണര്‍, അല്‍ റുമാന്‍ കൊട്ടാരം. ഈ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ പുനരുദ്ധരിക്കാനുള്ള തീവ്രശ്രമത്തിലാണ് അല്‍ ഉല റോയല്‍ കമ്മീഷന്‍.
ഇതോടൊപ്പം സാമൂഹിക സാമ്പത്തിക വികസനവും ലക്ഷ്യമിടുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെറുകിടസംരംഭങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളാണ് വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്നത്.
അല്‍ നജീം മാര്‍ക്കറ്റ് പുനരുദ്ധരിക്കുന്നതിന് പുതിയ സംരംഭകരെ കണ്ടെത്തുകയാണ് റോയല്‍ കമ്മീഷന്‍. തൈമയുടെ വാണിജ്യ ഹൃദയമാണ് അല്‍ നജീം. പൈതൃക വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇവിടെ നോട്ടമിടുന്നത്. പ്രാദേശിക കരകൗശല വസ്തുക്കളുടെ നിര്‍മാണവും വില്‍പനയുമടക്കമുള്ള ലക്ഷ്യമിടുന്നു. 1919 ല്‍ സ്ഥാപിച്ച അല്‍ റുമാന്‍ കൊട്ടാരം നവീകരിക്കുന്നത് സഞ്ചാരികളെ ആകര്‍ഷിക്കും.
അല്‍ ഉലയില്‍നിന്ന് 200 കിമീ അകലെയാണ് തൈമ ഗവര്‍ണറേറ്റ്. അസീറിയന്‍ ശിലാലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന തൈമ വാണിജ്യപാത ലോകത്തെ ഏറ്റവും പുരാതനമായ വാണിജ്യപാതകളിലൊന്നാണ്.

 

Latest News