Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപി കേസ്: ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ഹരജിയില്‍ വിധി 17 ലേക്ക് മാറ്റി

വാരണാസി-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ഹരജിയിലെ വിധി അതിവേഗ കോടതി നവംബര്‍ 17 തിങ്കളാഴ്ചത്തേക്ക് മാറ്റി.
സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി മഹേന്ദ്ര പാണ്ഡെ വിധി പറയുന്നത് നവംബര്‍ 17 വരെ മാറ്റിവച്ചതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ സുലഭ് പ്രകാശ് പറഞ്ഞു.
പള്ളി സമുച്ചയത്തില്‍ മുസ്ലിംകളുടെ പ്രവേശനം നിരോധിക്കണമെന്നും സമുച്ചയം സനാതന്‍ സംഘത്തിന് കൈമാറണമെന്നും  ആവശ്യപ്പെട്ട്
മെയ് 24 ന്, വിശ്വ വേദ സനാതന്‍ സംഘ് ജനറല്‍ സെക്രട്ടറി വാദി കിരണ്‍ സിംഗ് വാരണാസി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ മെയ് 25ന് ജില്ലാ ജഡ്ജി എ കെ വിശ്വേഷ് ഉത്തരവിട്ടു.
വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് കമ്മീഷണര്‍, ജ്ഞാനവാപി പള്ളി പരിപാലക കമ്മിറ്റി അഞ്ജുമാന്‍ ഇന്‍തസമായി,  വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയത്.
മസ്ജിദിന്റെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകളില്‍ ദിവസേന ആരാധിക്കുന്നതിന് അനുമതി തേടി ഒരു കൂട്ടം സ്ത്രീകള്‍ ഏപ്രില്‍ 26 ന് നല്‍കിയ ഹരജി നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതി വീഡിയോഗ്രാഫിക് സര്‍വേയ്ക്ക് ഉത്തരവിട്ടിരുന്നു. ഈ സര്‍വേക്കിടയാണ്
മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടത്.
നമസ്‌കാരത്തിനു മുമ്പ് വുദു ചെയ്യുന്ന  റിസര്‍വോയറിലെ ജലധാര സംവിധാനത്തിന്റെ ഭാഗമാണ് ഇതെന്നാണ് മുസ്ലിം പക്ഷം വ്യക്തമാക്കുന്നത്.

 

Latest News