തെഹ്‌റാന്‍- മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി.
ഇറാന്‍ ആഭ്യന്തര മന്ത്രി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി, ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ പ്രസ് ടിവി എന്നിവരുള്‍പ്പെടെ 29 വ്യക്തികള്‍ക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെയാണ് ഉപരോധം.
പ്രതിഷേധക്കാരെ അക്രമാസക്തമായി അടിച്ചമര്‍ത്തിയതിനെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി അപലപിക്കുന്നു.ഇറാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനും ആവശ്യങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമായി പ്രകടിപ്പിക്കാനുമുള്ള അവരുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഇ.യു വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.
ഇറാനിയന്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ 22 കാരിയായ മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16 മുതല്‍ ഇറാനില്‍ വന്‍ പ്രതിഷേധമാണ് തുടരുന്നത്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഡസന്‍ പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ അറസ്റ്റിലാവുകയും ചെയ്തു.