ഉടുമുണ്ട് അഴിച്ച് സ്ത്രീകളുടെ മുഖം മറച്ച് പീഡനം; സ്ഫടികം വിഷ്ണു അറസ്റ്റില്‍

പാലക്കാട്- ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍. പാലക്കാട് കൊടുമ്പ് സ്വദേശി സ്ഫടികം വിഷ്ണു എന്ന വിഷ്ണുവാണ് അറസ്റ്റിലായത്. കൊടുമ്പ് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസാണ്  പ്രതിയെ പിടികൂടിയത്.
സ്ഫടികം സിനിമയിലെ ചില രംഗങ്ങള്‍ അനുകരിച്ച് പീഡനം നടത്തുന്നതു കൊണ്ടാണ് ഇയാള്‍ക്ക് സ്ഫടികം വിഷ്ണു എന്ന പേര് ലഭിച്ചത്. തനിച്ച് പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ ആക്രമണം. വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ വീട്ടിലേക്ക് പോകുന്ന വഴി നിരീക്ഷിക്കുകയും കാല്‍നടയായി യാത്ര ചെയ്യുന്ന സ്ത്രീകളെ പിന്തുടരുകയും ചെയ്യും. ആരുമില്ലാത്ത സ്ഥലത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ച് സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് സ്ത്രീകളുടെ മുഖത്ത് ചുറ്റി വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം  ആക്രമണം നേരിട്ട കൊടുമ്പ് സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. മുണ്ട് മുഖത്തേക്ക് ചുറ്റുന്നതിനാല്‍ പ്രതിയെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ സൂചനകള്‍ ലഭിച്ചതോടെ പോലീസ് വിഷ്ണുവിനെ പിടികൂടുകയായിരുന്നു.   കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News