Sorry, you need to enable JavaScript to visit this website.

കൊക്കോ കർഷകർക്ക് ആശ്വാസത്തിന്റെ നാളുകൾ

സംസ്ഥാനത്തെ കൊക്കോ കർഷകർ വിളവെടുപ്പിന്റെ തിരിക്കിലാണ്. കഴിഞ്ഞ സീസണിൽ പൂപ്പൽ ബാധ കൊക്കോ കർഷകരെ വട്ടം കറക്കിയെങ്കിൽ ഇക്കുറി കാര്യമായ പ്രതിസന്ധികളില്ലാതെ പുതിയ വിളവ് വിൽപനക്ക് ഇറക്കാനാവുമെന്ന വിശ്വാസത്തിലാണവർ. ചോക്കേളേറ്റ് വ്യവസായികൾ പച്ച കൊക്കോ കിലോ 4455 രൂപക്ക് വാങ്ങുന്നുണ്ട്, ഹൈറേഞ്ച് ചരക്കിന് അവർ 57 രൂപ വരെ വാഗ്ദാനം ചെയ്തു. ഉണക്ക കൊക്കോ കിലോ 205 രൂപയിലും  മികച്ചയിനം ഹൈറേഞ്ച് കൊക്കോ കാഡ്ബറി അടക്കമുള്ള കമ്പനികൾ 215 രൂപ വരെ നൽകി. നിരക്ക് ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കം ചോക്കളേറ്റ് വിൽപനയെ ബാധിക്കുമെന്ന നിലപാടിലാണ് വ്യവസായികൾ. 
അതേ സമയം രാജ്യാന്തര മാർക്കറ്റിൽ രണ്ടാഴ്ചകളിൽ കൊക്കോ വില ടണ്ണിന് 1890 ഡോളറിൽ നിന്നും 2098 ഡോളർ വരെ ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ നിരക്ക് 1525 ഡോളർ മാത്രമായിരുന്നു.   ഉക്രൈൻ റഷ്യ യുദ്ധം പൊട്ടാഷ്, മറ്റു രാസവളങ്ങൾക്കും ആഗോള വിപണിയിൽ ക്ഷാമം സൃഷ്ടിച്ചത് കൊക്കോ കർഷകരെയും ബാധിച്ചു. ഐവറി  കോസ്റ്റിലെയും  ഘാനയിലെയും കൊക്കോ ഉൽപാദനം ചുരുങ്ങിയത് അവിടെ വില ഉയർത്തി. ഇതിനിടയിൽ ഇരു രാജ്യങ്ങളുടെയും കയറ്റുമതിയിലും ഇടിവ് സംഭവിച്ചു.  
തിരുവനന്തപുരം, പത്തനംതിട്ട കൊല്ലം മേഖലകളിലെ കുരുമുളക് തോട്ടങ്ങളിൽ മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പ് തുടങ്ങി. പുതിയ ചരക്ക് വിൽപനക്ക് സജ്ജമായതോടെ ഒരു വിഭാഗം വാങ്ങലുകാർ രംഗത്ത് നിന്ന് അകന്ന് വില ഇടിക്കാനുള്ള ശ്രമത്തിലാണ്. 
മൂപ്പ് കുറഞ്ഞ മുളക് മാസാവസാനം കൂടുതലായി വിൽപനക്ക് ഇറങ്ങുമെന്നാണ് ഉൽപാദക കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. ഉത്തരേന്ത്യയിലെ കറിമസാല പൗഡർ യൂനിറ്റുകൾ തണുപ്പ് കനത്തതോടെ സംസ്‌കരണത്തിന് ആവശ്യമായ കുരുമുളക് ശേഖരിച്ചതായാണ് അവിടെ നിന്നുള്ള വിവരം. 
വ്യവസായികൾ വില കുറഞ്ഞ ഇറക്കുമതി മുളകിൽ താൽപര്യം കാണിച്ചു. കറി മസാല വ്യവസായികൾ ആഭ്യന്തര മുളകിനെ തഴഞ്ഞതിനാൽ കേരളത്തിലെ ചരക്കിന് ഡിമാന്റ് കുറഞ്ഞു. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് വില 48,200 രൂപ. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6000 ഡോളർ.
അറബ് രാജ്യങ്ങളിൽ നിന്നും ചുക്കിന് വൻ ഓർഡറുകൾ എത്തിയങ്കിലും വില ഉയർത്താൻ കയറ്റുമതിക്കാർ തയാറായില്ല. ആഭ്യന്തര  വിപണികളിലും ചുക്കിന് ആവശ്യക്കാരുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യയിൽ ചുക്കിന് പ്രിയമേറി. മീഡിയം ചുക്ക് 15,500, ബെസ്റ്റ് 17,500 രൂപയിലുമാണ്. 
പശ്ചിമേഷ്യയിൽ നിന്നും ആഭ്യന്തര വ്യാപാരികളിൽ നിന്നുള്ള ഓർഡറുകൾ ജാതിക്ക വ്യാപാര രംഗം സജീവമാക്കി. അറബ് രാജ്യങ്ങൾ ഇന്ത്യൻ ജാതിക്കയിൽ കാണിച്ച താൽപര്യം കയറ്റുമതി തോത് ഉയർത്തി. ഉത്തരേന്ത്യൻ വാങ്ങലുകാർ ചരക്ക് സംഭരിക്കുന്നുണ്ട്. ഏലക്ക ലേല കേന്ദ്രങ്ങളിൽ സജീവമെങ്കിലും കാർഷിക മേഖലയുടെ പ്രതീക്ഷക്ക് ഒത്ത് വില ഉയരുന്നില്ല. പല ഭാഗങ്ങളിലും മഴ മൂലം ഉൽപാദനം ചുരുങ്ങിയതിനാൽ നിരക്ക് ഉയർത്തുമെന്ന് വിൽപനക്കാർ കണക്കുകൂട്ടി. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 935 രൂപയിലും മികച്ചയിനങ്ങൾ 1650 രൂപയിലുമാണ്. 
വിദേശത്ത് റബർ വില താഴ്ന്നതോടെ ഇന്ത്യൻ ടയർ നിർമാതാക്കൾ ആഭ്യന്തര ഷീറ്റ് വില കുറച്ചു. അതേ സമയം തുലാവർഷമായതിനാൽ രാത്രി മഴ മൂലം പുലർച്ചെയുള്ള റബർ ടാപ്പിങ്  മന്ദഗതിയിലാണ്. ടയർ വ്യവസായികൾ നാലാം ഗ്രേഡ് റബർ 14,900 ൽ നിന്നും 15,100 ലേക്ക് ഉയർത്തിയെങ്കിലും വാരാന്ത്യം പഴയ നിലവാരത്തിലേക്ക് താഴ്ന്നു. 
കൊപ്ര വില ഉയർന്നെങ്കിലും വിപണിയിൽ വെളിച്ചെണ്ണക്ക് ക്ലച്ച് പിടിക്കുന്നില്ല. വില കുറഞ്ഞ വിദേശ പാചകയെണ്ണകളുടെ അതിപ്രസരം മുന്നേറ്റത്തിന് തടസ്സമായി. കൊച്ചിയിൽ വെളിച്ചെണ്ണക്ക് 200 രൂപ ഉയർന്ന് 13,100 രൂപയായി. അതേ സമയം കൊപ്ര വില 500 രൂപ കയറി 8400 ലെത്തി.   കേരളത്തിൽ സ്വർണ വില പവന് 960 രൂപ ഉയർന്നു. പവൻ 37,600 ൽ നിന്നും 37,440 ലേക്ക് വാരമധ്യം ഇടിഞ്ഞ ശേഷം ശക്തമായ തിരിച്ചു വരവിൽ 38,560 ലേക്ക് മുന്നേറി. ഒരു ഗ്രാമിന് വില 4820 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 1683 ഡോളറിൽ നിന്നും 1772 ഡോളറായി. വിപണിക്ക് 1800-1840 ഡോളറിൽ പ്രതിരോധവും 1738-1704 ഡോളറിൽ താങ്ങും പ്രതീക്ഷിക്കാം. 
 

Latest News