കൊച്ചി- ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച സംസ്ഥാന സർക്കാറിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. യു.ജി.സി മാനദണ്ഡങ്ങൾക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വി.സി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.കെ.കെ. വിജയൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. യു.ജി.സി ചട്ടപ്രകാരം പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാൻ കോടതി നിർദേശിച്ചു.
വി.സി നിയമനം സംബന്ധിച്ച് ഗവർണർസർക്കാർ പോര് നടക്കുന്നതിനിടെ ഏറെ നിർണായകമാണ് ഹൈക്കോടതി വിധി. വി.സി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാൻ കുഫോസ് വിസിക്കും ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഹൈക്കോടതി വിധി മറ്റു വി.സിമാർക്കും ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ.






