കൊച്ചി - തെലങ്കാന സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ 'ഓപ്പറേഷൻ കമല'യിലെ സൂത്രധാരനെന്ന് ആരോപണമുയർന്ന തുഷാർ വെള്ളാപ്പള്ളിയ്‌ക്കെതിരെ തെളിവ് ശേഖരണത്തിനായി തെലങ്കാന പോലീസ് കൊച്ചിയിൽ മിന്നൽ റെയ്ഡ് നടത്തി.
ടി.ആർ.എസ് എം.എൽ.എമാരെ വരുതിയിലാക്കാൻ കേരളത്തിലെ എൻ.ഡി.എയുടെയും ബി.ഡി.ജെ.എസിന്റെയും ചെയർമാനായ തുഷാർ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് തെലങ്കാന സർക്കാർ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായ തെളിവ് ശേഖരണത്തിനായാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ ഒരു വ്യക്തി തുഷാറിന് സാങ്കേതിക സഹായങ്ങൾ നൽകിയതായും സംഘത്തിന് വിവരമുണ്ട്. വിവിധയിടങ്ങളിൽ പരിശോധന നടത്തിയ സംഘം ലാപ് ടോപ്പ്, നാല് മൊബൈൽ ഫോൺ അടക്കമുള്ളവ പിടിച്ചെടുത്തതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുതൽ രാജ്യത്തെ പത്തിടങ്ങളിൽ കേസന്വേഷിക്കുന്ന തെലങ്കാന എസ്.എ.ടി സംഘം റെയ്ഡ് നടത്തിയിരുന്നു. നൽഗോണ്ട എസ്.പി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ സഹായത്തോടെയായിരുന്നു നടപടികൾ. കേസിൽ ഉൾപ്പെട്ട സതീഷ് ശർമയെന്ന പ്രതിയുമായി കൊച്ചിയിൽ അന്വേഷണം നേരിടുന്ന ആൾക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്. കാസർഗോഡ് സ്വദേശിയായ സതീഷ് ശർമ്മ യു.പി കേന്ദ്രീകരിച്ചാണിപ്പോൾ പ്രവർത്തിക്കുന്നത്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ തെലങ്കാന പോലീസിന് ലഭിച്ചതായാണ് സൂചന. സംഘം ഇന്ന് രാവിലെ ഹൈദരബാദിലേക്ക് മടങ്ങിയതായാണ് വിവരം.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി 100 കോടിയോളം രൂപ വാഗ്ദനം ചെയ്തുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ വെളിപ്പെടുത്തൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയായാണ് തുഷാർ വെള്ളാപ്പള്ളി പ്രവർത്തിച്ചിതെന്നും കെ.സി.ആർ ആരോപിച്ചിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിടുകയുണ്ടായി. നാല് പേരാണ് എം.എൽ. എമാരുമായി ചർച്ച നടത്തിയത്. ഇതിൽ പ്രധാന റോൾ തുഷാർ വെള്ളാപ്പള്ളിക്കാണെന്നാണ് ആരോപണം.






