തൊടുപുഴ കാര്‍ഷിക ബാങ്കിലെ പ്യൂണ്‍ നിയമനം; മുസ്‌ലിം ലീഗില്‍ പോര് മുറുകി

തൊടുപുഴ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

ഇടുക്കി-നിയമയുദ്ധത്തിലൂടെ യു. ഡി. എഫ് നിലനിര്‍ത്തിയ തൊടുപുഴ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ പ്യൂണ്‍ നിയമനത്തെച്ചൊല്ലി മുസ്‌ലിം ലീഗില്‍ കലാപം. ബന്ധുവിന് നിയമനം നല്‍കാന്‍
പാര്‍ട്ടി സംസ്ഥാന ഭാരവാഹി നീക്കം നടത്തുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിനെച്ചൊല്ലി ഇന്നലെ നഗരത്തില്‍ യൂത്ത് ലീഗിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന നേതാവ് പാര്‍ട്ടി വഴി നേടിയതും ബന്ധുക്കള്‍ക്ക്  നേടിക്കൊടുത്തതുമായ സ്ഥാനങ്ങളുടെ പട്ടികയുമായി വാട്‌സ് അപ്പ് സന്ദേശങ്ങളും പ്രചരിക്കുന്നു.
കേരള കോണ്‍ഗ്രസ്(എം) നേതാവ് പ്രഫ. കെ. ഐ ആന്റണി രണ്ടു പതിറ്റാണ്ടോളം പ്രസിഡന്റായിരുന്ന ബാങ്ക് യു. ഡി. എഫ് ഹൈക്കോടതിയില്‍ വന്‍ നിയമപോരാട്ടം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ. പി. സി. സി മുന്‍ ജനറല്‍ സെക്രട്ടറി റോയ് .കെ. പൗലോസാണ് പ്രസിഡന്റ്. ഒഴിവ് വന്ന രണ്ട് പ്യൂണ്‍ തസ്തികകളില്‍ കോണ്‍ഗ്രസിനും ലീഗിനും ഓരോന്ന് എന്നതായിരുന്നു ധാരണ. ലീഗിന് കിട്ടിയ ഒഴിവ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുടെ ഭാര്യക്ക് നല്‍കണമെന്ന് പാര്‍ട്ടിയിലെ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. എന്നാല്‍ മകളുടെ ഭര്‍ത്താവിന് വേണ്ടി സംസ്ഥാന നേതാവ് ഈ ഒഴിവ് നേരത്തെ കണ്ടുവെച്ചിരുന്നു. ഇതേ ചൊല്ലിയുളള കലഹമാണ് പോസ്റ്റര്‍-വാട്‌സ് അപ്പ് പോരായി വളര്‍ന്നത്.
ഇന്നാണ് പ്യൂണ്‍ നിയമനത്തിനായുളള കൂടിക്കാഴ്ച. ഇതിന്റെ എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ പേരിലുളള പോസ്റ്ററിലെ ആവശ്യം. രണ്ടാഴ്ച മുമ്പ് നടന്ന എഴുത്ത് പരീക്ഷയില്‍ 40 പേര്‍ പങ്കെടുത്തിരുന്നു. നേതാവിന്റെ ബന്ധുവിനായി ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ച് പത്രപരസ്യം അടക്കം നടത്തിയാണ് നിയമനമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വാദം.  അതേ സമയം എല്‍. ഡി. എഫിനാകട്ടെ കാര്‍ഷിക വികസന ബാങ്കിലെ യു. ഡി. എഫ് തര്‍ക്കം ആയുധമാക്കാന്‍ പറ്റുന്നുമില്ല. എല്‍. ഡി. എഫ് പതിറ്റാണ്ടുകളായി ഭരിക്കുന്ന അര്‍ബന്‍ ബാങ്ക് വഴിവിട്ട വായ്പ നല്‍കല്‍ മൂലം പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നതാണ് കാരണം.
 

 

 

Latest News