ദിസ്പുര്‍-കോടതിയില്‍ ഈശ്വര നാമത്തില്‍ എല്ലാവരേയും സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകന്റെ ഹരജി. നിരീശ്വരവാദിയോ അവിശ്വാസിയോ ആയ വ്യക്തിയെ കോടതിയില്‍ ഈശ്വരനാമത്തില്‍ ശപഥം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെതിരേയാണ് അഭിഭാഷകനായ ഫസ്‌ലുസ്സമാന്‍ മജുംദാറിന്റെ ഹരജി. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന പുരോഗമനപരവും ശാസ്ത്രചിന്തയ്ക്കും തടസ്സം സൃഷ്ടിക്കുന്നതാണ് 1969ലെ 'ഓത്ത് ആക്ട്' അനുസരിച്ച് കോടതികളില്‍ തുടരുന്ന ഈ പതിവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതിയില്‍ ഒരു വ്യക്തിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യണമെന്ന് നിയമത്തിന്റെ ഫോം 1, വകുപ്പ് 6 എന്നിവ നിഷ്‌കര്‍ഷിച്ചിരിക്കുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി.
അമാനുഷികശക്തിയിലോ അസ്തിത്വത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും മതനിരപേക്ഷതയും പുരോഗമനചിന്തയും ശാസ്ത്രീയബോധവുമുള്ള പൗരനെന്ന നിലയില്‍ സാഹോദര്യം, മനുഷ്യത്വം എന്നിവയില്‍ കവിഞ്ഞൊരു മതമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മജുംദാര്‍ പറയുന്നു. യാതൊരുവിധത്തിലുമുള്ള മതപരമായ അനുഷ്ഠാനങ്ങളും വ്യക്തിജീവിതത്തില്‍ പിന്തുടരുന്നില്ലെന്നും അതിനാല്‍ തന്നെ ഈശ്വരന്‍ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മജുംദാര്‍ ഹരജിയില്‍ വ്യക്തമാക്കി.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തോടൊപ്പം ഏതെങ്കിലും മതം പിന്തുടരാതിരിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും മജുംദാര്‍ ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു. ഒരു മതവുമായും ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ ഉണ്ടാകാമെന്നും ഒരു മതത്തിലും വിശ്വസിക്കാതെ തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.