കല്‍പറ്റ- പോക്‌സോ കേസില്‍ തെളിവെടുപ്പിനു കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബുവിനെ ഇനിയും പിടികൂടാനായില്ല. പ്രതി ഒളിവില്‍ കഴിയുകയാണെന്ന് പോലീസ് വിശദീകരിക്കുന്നു. സംഭവത്തില്‍ എസ്.ഇ, എസ്.ടി കമ്മീഷനും കേസെടുത്തു.
അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബുവിനെ പിടികൂടാനായി ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മാനന്തവാടി എസ്എംഎസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ജൂലൈ 26 ന് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവര്‍ഗ വിഭാത്തില്‍പ്പട്ട പെണ്‍കുട്ടിയെ എഎസ്‌ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിഷ എന്നിവര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടിയ്ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കി. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ചാല്‍ സമരപരിപാടികളിലേക്ക് കടക്കാനാണ് വിവിധ ആദിവാസി സംഘടനകളുടെ തീരുമാനം.






