പരാജയത്തിന്റെ കുറ്റം മുഴുവന്‍ ട്രംപില്‍ ചാര്‍ത്തി റിപ്പബ്ലിക്കന്‍ നേതാക്കള്‍

ന്യൂയോര്‍ക്ക്- യു.എസ് സെനറ്റിലേക്കുള്ള ഡമോക്രാറ്റുകളുടെ വിജയം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഉലക്കുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ട്രംപിന്റെ ചുമലില്‍ വെക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല മുതിര്‍ന്ന നേതാക്കളും.
നേരത്തെ ട്രംപ് വിമര്‍ശകരായിരുന്നു ഇവരില്‍ പലരുമെങ്കിലും ഇപ്പോഴത്തെ വിമര്‍ശനം വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കോപ്പുകൂട്ടുന്ന ട്രംപിന് പ്രതിസന്ധി സൃഷ്ടിക്കും.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥികള്‍ക്കെല്ലാം വലിയ പരാജയം രുചിക്കേണ്ടിവന്നുവെന്ന് സെനറ്റര്‍ ബില്‍ കാസിഡി കുറ്റപ്പെടുത്തി. ട്രംപിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയില്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തയാളാണ് കാസിഡി. മെരിലാന്റ് ഗവര്‍ണര്‍ ലാരി ഹോഗനും പരാജയത്തിന് ട്രംപിനെ കുറ്റപ്പെടുത്തുകയാണ്.
ദീര്‍ഘകാലമായി ട്രംപിനെ പിന്തുണച്ചുപോരുന്ന സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പോലെയുള്ളവര്‍ കൂടി എതിരായാല്‍ അദ്ദേഹത്തിന്റെ കാര്യം കൂടുതല്‍ ദുഷ്‌കരമാകും.

 

Latest News