ബംഗളൂരു- 2019ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്നതിനിടെ ഇന്ന് ബംഗളുരുവിൽ സംഘടിപ്പിച്ച പ്രമുഖ വ്യക്തികളുമായുള്ള വിനിമയ പരിപാടിയിൽ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എന്തു കൊണ്ട് ആയിക്കൂടാ എന്നായിരുന്നു ചിരിച്ചു കൊണ്ട് രാഹുൽ മറുപടി പറഞ്ഞത്. മൂന്ന് തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ജയിച്ച രാഹുൽ കഴിഞ്ഞ വർഷം സെപ്തംബറിൽ അമേരിക്കയിൽ ഒരു പരിപാടിയിലും താൻ പ്രധാനമന്ത്രിയാകാൻ ഒരുക്കമാണെന്ന് വ്യക്തമാക്കിയിരുന്നു.






