തമിഴ്‌നാട്ടില്‍ കനത്ത മഴ, രണ്ട് മരണം, ജാഗ്രതാ നിര്‍ദേശം

ചെന്നൈ- കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളും വെള്ളത്തിലായി. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴയുണ്ടായി. ചെന്നൈയിലും ഇടിയോടുകൂടിയുളള മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമില്‍ നിന്ന് 4.230 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി.
തമിഴ്‌നാട്ടില്‍ ചെന്നൈയുള്‍പ്പടെ 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. നവംബര്‍ ഒന്നിന് ചെന്നൈയില്‍ 8.4 സെ. മീ. മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ തോതാണിത്.

 

Latest News