Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജ്യോതിഷത്തെ പുകഴ്ത്തി, ശബരിമലയിലെ യുവതീ പ്രവേശത്തിൽ നിലപാട് മാറ്റി മുൻ മന്ത്രി ജി സുധാകരൻ

- ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതി, ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സി.പി.എം നേതാവ്
ആലപ്പുഴ - ജ്യോതിഷത്തെ പുകഴ്ത്തിയും ശബരിമലയിലെ യുവതീ പ്രവേശത്തിലെ മുൻ നിലപാട് തിരുത്തിയും സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്നാണിപ്പോൾ സുധാകരൻ പറയുന്നത്. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യവേയാണ് സുധാകരന്റെ നിലപാട് മാറ്റം.
  ചടങ്ങിൽ, ജ്യോതിഷികളെ മഹത്വവത്കരിച്ച് രാഷ്ട്രീയക്കാരെ അടിക്കാനും അദ്ദേഹം മറന്നില്ല. ഒരു ജ്യോതിഷിയും ആഭിചാര കൊല നടത്തിയിട്ടില്ലെന്നും രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ! രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ വർധിച്ചുവരികയാണ്. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സുധാകരൻ പറഞ്ഞു. 
 കമ്മ്യൂണിസ്റ്റുകളിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേ പേര് രാവിലെ വെള്ള മുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോൺ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും കേരളത്തിൽ കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും തിരിച്ചറിയാൻ പറ്റാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞപ്പോൾ അതിനെ രൂക്ഷമായി വിമർശിക്കാൻ മന്ത്രിയായിരിക്കെ സുധാകരൻ തയ്യാറായിരുന്നു. യുവതി പ്രവേശിച്ചതിനെ തുടർന്ന് ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്ന് ചോദിച്ച സുധാകരൻ, തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്നും തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ലെന്നും തുറന്നടിച്ചിരുന്നു. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണെന്നും സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും ദേവസ്വം മുൻ മന്ത്രി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആ സുധാകരനാണിപ്പോൾ പാർട്ടിയെയും സർക്കാറിനെയും സുപ്രീംകോടതി വിധിയെയുമെല്ലാം നോക്കുകുത്തികയാക്കി ചുവട്മാറ്റിയത്.
 ശബരിമലയിലെ യുവതീ പ്രവേശത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയോടൊപ്പം അടിയുറച്ചുനിന്ന സി.പി.എമ്മിന്റെയും പിണറായി സർക്കാറിന്റെയും നിലപാടുകൾക്ക് വിരുദ്ധമാണ് സുധാകരന്റെ പുതിയ കണ്ടെത്തലുകൾ. ഒരു ഭാഗത്ത് പാർട്ടി അന്ധവിശ്വാസങ്ങൾക്കും ലിംഗ അസമത്വങ്ങൾക്കുമെല്ലാം എതിരാണെന്നു പറയുമ്പോൾ തന്നെ, ജ്യോതിഷത്തെ മഹത്വവത്കരിച്ചും യുവതികളുടെ ശബരിമല വിലക്കിന് കയ്യടി ചാർത്തുന്നതും ഇരട്ടത്താപ്പാണെന്നും ഇത് പാർട്ടി നയങ്ങൾക്കും ഇടതു നിലപാടിനും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Latest News