തമിഴിനെ പുകഴ്ത്തി അമിത് ഷാ; മെഡിക്കല്‍ കോഴ്‌സുകള്‍ തമിഴില്‍ പഠിപ്പിക്കണം

ചെന്നൈ- മെഡിക്കല്‍, സാങ്കേതിക കോഴ്‌സുകള്‍ തമിഴില്‍ പഠിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം അവരുടെ മാതൃഭാഷകളില്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും തമിഴ്‌നാട് അത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം വഴി വിദ്യാഭ്യാസ സമ്പ്രദായത്തില്‍  ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ അഞ്ചോ അതിന് മുകളിലോ ക്ലാസുകളോ വരെയുള്ള പഠന മാധ്യമമായി മാതൃഭാഷ അവതരിപ്പിക്കുന്നതാണ് സുപ്രധാന നീക്കങ്ങളിലൊന്ന്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്‌കൂളുകളില്‍ മാതൃഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നാണ് തമിഴ്. തമിഴ് ഭാഷയില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാരിനോട് ഉണര്‍ത്തുകയാണ്-അദ്ദേഹം പറഞ്ഞു.
ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ അമിത് ഷാ മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

 

Latest News