തൂങ്ങിമരണം അഭിനയിപ്പിച്ച് മകളെ കൊന്ന 40 കാരന്‍ അറസ്റ്റില്‍

നാഗ്പൂര്‍- ബന്ധുക്കള്‍ക്കെതിരെ സൂത്രത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിപ്പിച്ച ശേഷം ആത്മഹത്യ അഭിനയിക്കാന്‍ പറഞ്ഞ് മകളെ കൊലപ്പെടുത്തിയ 40 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലെ കലംനയിലാണ് സംഭവം.
ഈ മാസം ആറിനാണ് പതിനാറുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ രണ്ടാനമ്മ, അമ്മാവന്‍, അമ്മായി, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷണത്തിനിടെ പോലീസ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവരുന്നത്. കൂലിപ്പണിക്കാരനായ ഇയാള്‍ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ ആദ്യ ഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. അടുത്തിടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചുപോയി. കൊലപാതകത്തിനുള്ള യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടി തൂങ്ങിമരിക്കുന്നത് അഭിനയിക്കുന്ന ഒരു ഫോട്ടോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെടുത്തു. ആദ്യം ബന്ധുക്കള്‍ക്കെതിരായ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിപ്പിച്ച ശേഷം ആത്മഹത്യ അഭിനയിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു.
പിതാവിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി സ്റ്റൂളിന് മുകളില്‍ കയറിനിന്ന് കഴുത്തില്‍ കയര്‍ മുറുക്കി. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ഇതിനിടെ ഇയാള്‍ സ്റ്റൂള്‍ തട്ടിമാറ്റുകയും പെണ്‍കുട്ടി പിടഞ്ഞുമരിക്കുകയുമായിരുന്നു. സംഭവത്തിന് 12 വയസുകാരിയായ മറ്റൊരു മകള്‍ ദൃക്‌സാക്ഷിയാണ്.
കൊലപാതകത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് പോയി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് താന്‍ ജോലിക്ക് പോയി തിരികെയെത്തിയപ്പോള്‍ മകളെ തൂങ്ങിനില്‍ക്കുന്നതായി കണ്ടുവെന്ന് അറിയിച്ചു.

 

Latest News