ന്യൂദൽഹി - മകളെ അവൾക്ക് ഇഷ്ടമില്ലാത്തയാൾക്ക് വിവാഹം ചെയ്തു നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കർണാടകയിലെ ഉന്നത ബിജെപി നേതാവിൽ നിന്നും മകളെ സുപ്രീം കോടതി സ്വതന്ത്രയാക്കി. മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം കഴിയേണ്ടതില്ലെന്നും ഇഷ്ടമുള്ളിടത്ത് ജീവിക്കാനും പഠനം തുടരാനും ജോലി ചെയ്യാനും 26കാരിയായ യുവതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. തനിക്ക് ഇഷ്ടമില്ലാത്തയാളുമായി തന്റെ വിവാഹം നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഗുൽബർഗിലെ വീട് വിട്ടിറങ്ങിയ യുവതി ദൽഹിയിൽ അഭയം തേടിയതായിരുന്നു. താങ്കൾ മുതിർന്നയാളാണ്. എവിടേക്കു വേണമെങ്കിലും പോകാനും ആഗ്രഹിക്കുന്ന എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും താങ്കൾക്കുണ്ടെന്ന് പെൺകുട്ടിയോട് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. യുവതിക്കു എവിടേക്കു വേണമെങ്കിലും പോകാമെന്നും മാതാപിതാക്കളോ കുടുംബമോ ഭർത്താവിന്റെ ബന്ധുക്കളോ യുവതിയുടെ വഴിയിൽ തടസ്സം നിൽക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ സ്വദേശത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ കണ്ട് സുരക്ഷ തേടാമെന്നും കോടതി നിർദേശിച്ചു.
അതേസമയം വിവാഹം റദ്ദാക്കണമെന്ന യുവതിയുടെ ആവശ്യം കോടതി നിരസിച്ചു. ഇതിന് വിവാഹ മോചന ഹരജിയുമായി കുടുംബ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതിക്ക് വിവാഹം റദ്ദാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ബംഗളൂരുവിലേക്ക് തിരിച്ചു പോയി എഞ്ചിനീയറിങ് ബിരുദാന്തര പഠനം തുടരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ രക്ഷിതാക്കളുടെ പ്രതികാരം ഭയക്കുന്നുണ്ടെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. രക്ഷിതാക്കളുടേയും ഭർത്താവിന്റെ ബന്ധുക്കളുടേയും ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ സഹോദരൻ ബലാൽസംഗ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും പെൺകുട്ടിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയിൽ അറിയിച്ചു. യുവതിയുടെ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട്, ആധാർ കാർഡ് തുടങ്ങിയ രേഖകളെല്ലാം മാതാപിതാക്കൾ പിടിച്ചു വച്ചിരിക്കുകയാണെന്നും ഇതു വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെ തുടർന്ന് യുവതിയുടെ എല്ലാ രേഖകളും വിട്ടുനൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിക്ക് ഉറപ്പു നൽകി.
കർണാടകയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ യുവതിയുടെ അച്ഛന്റെ പേര് കോടതി വെളിപ്പെടുത്തിയിട്ടില്ല. 'എക്‌സ്' എന്നാണ് കോടതി രേഖകളിൽ ഇദ്ദേഹത്തെ പരാമർശിക്കുന്നത്. മാർച്ച് 14നാണ് തനിക്കു സമ്മതമല്ലെന്ന് അറിയിച്ചിട്ടും മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയും തന്ത്രങ്ങൾ പ്രയോഗിച്ചും നിർബന്ധിച്ച് ഇഷ്ടമില്ലാത്തയാളുമായി വിവാഹം നടത്തിയത്. മറ്റൊരു ജാതിയിൽപ്പെട്ടയാളുമായി പ്രണയമുള്ളതിനാൽ കുടുംബത്തിന്റെ നീക്കങ്ങൾ ദുരഭിമാനക്കൊലയിലേക്ക് നീങ്ങുന്നതായി സംശയമുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.
പ്രണയത്തെ തുടർന്ന് ജനുവരിയിലാണ് യുവതിയുടെ പഠനം മാതാപിതാക്കൾ നിർത്തിച്ചത്. പിന്നീട് മാർച്ചിലായിരുന്നു വിവാഹം. ഇതിനിടെ മാതാപിതാക്കളും സഹോദരനും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തി. ഈ വിവാഹത്തിനെതിരെ യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വീടുവിട്ടിറങ്ങിയ യുവതി ദൽഹിയിലെത്തി സുപ്രീം കോടതിയിൽ അഭയം തേടുകയായിരുന്നു.






