കെൻ സാരോ വിവയുടെ ധീര രക്തസാക്ഷിത്വം

ഒരു രാഷ്ട്രത്തിന്റെ, സമൂഹത്തിന്റെ ജീവിതം അടിമുടി മാറ്റാനായി കല, എന്തെങ്കിലും ചെയ്‌തേ മതിയാവൂ. അതിനാൽ ഞങ്ങളുടെ സമൂഹത്തിൽ സാഹിത്യത്തിന് യൂറോപ്യൻ സാഹിത്യകാരൻമാരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യമാണുണ്ടാവുക. ഞാനടക്കമുള്ള നൈജീരിയൻ എഴുത്തുകാർ ദരിദ്രരാണ്. അതിലെനിക്ക് ഉൽക്കണ്ഠയില്ല. എന്റെ സാഹിത്യം കൊണ്ട് വളരെയേറെ ജനങ്ങളുടെ ജീവിതത്തിന് ഗുണമുണ്ടാകണം. അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ കൊല്ലപ്പെടുമോ ജയിലിലടക്കപ്പെടുമോ എന്നൊന്നുമോർത്ത് സമയം കളയാനില്ല...

ലോകം കണ്ട ഒരു വലിയ പോരാളിയുടെ രക്തസാക്ഷി ദിനമായിരുന്നു കാര്യമായി ആരും ഓർക്കാതെ കടന്നുപോയത്. നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെൻ സാരോ വിവയെയാണ് ഉദ്ദേശിച്ചത്. നൈജീരിയയില ഒഗോണി വംശത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. തങ്ങളുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശത്തു കോർപറേറ്റുകൾ  നടത്തിയിരുന്ന വൻതോതിലുള്ള അസംസ്‌കൃത എണ്ണ ഖനനത്തിനെതിരെ ഒഗോണികൾ നടത്തിയ പോരാട്ടത്തിനു നേതൃത്വം നൽകിയ അദ്ദേഹത്തെ 1995 നവംബർ 10 ന് പട്ടാള ഭരണകൂടം തൂക്കിലേറ്റുകായിരുന്നു. 
നൈജീരിയയുടെ തെക്കേയറ്റത്ത് നൈജർ നദീതടത്തിൽ ഏതാണ്ട് 450 ചതുരശ്ര മൈലുകൾ വിസ്തൃതിയുള്ള 'ഒഗോണിനാട്' എന്ന പ്രദേശത്ത് ജീവിക്കുന്ന ന്യൂനപക്ഷ ഗോത്രവർഗക്കാരാണ് ഒഗോണികൾ. അവരുടെ ജനസംഖ്യ അഞ്ചു ലക്ഷത്തിലധികം വരും. പരമ്പരാഗതമായി കൃഷിപ്പണി ചെയ്തും മത്സ്യബന്ധനം നടത്തിയുമാണ് അവർ ജീവിക്കുന്നത്. നൈജീരിയയുടെ എണ്ണയുൽപാദനത്തിന്റെ 14 ശതമാനവും ഒഗോണിനാട്ടിൽ നിന്നാണ്. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്തിരുന്നത് പ്രധാനമായും ഷെൽ എന്നറിയപ്പെടുന്ന 'റോയൽ ഡച്ച് ഷെൽ' എന്ന ബഹുരാഷ്ട്ര എണ്ണക്കമ്പനിയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട എണ്ണ ഖനനത്തിലൂടെ ഒഗോണി പ്രദേശത്തെ  നശിപ്പിച്ച എണ്ണക്കമ്പനികൾക്കും അവർക്ക് സംരക്ഷണം നൽകിയ ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടത്തിനുമെതിരെ M-O-S-O-P (Mov-em-en-t for th-e Surv-iv-a-l o-f O-gon-i P-eop-l-e) എന്ന സംഘടനയുണ്ടാക്കി പോരാടുകയായിരുന്നു വിവയും കൂട്ടരും ചെയ്തത്. സമരം ശക്തമായതിനെ തുടർന്ന് പട്ടാള ഭരണകൂടം കെൻ സാരോ വിവയെ അറസ്റ്റ് ചെയ്ത് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴിൽ വിചാരണ ചെയ്ത് എട്ട് സഹപ്രവർത്തകരോടൊപ്പം തൂക്കിലേറ്റുകയായിരുന്നു. 
എണ്ണ ഖനനത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ലഭ്യമാക്കുക, എണ്ണ ഖനനം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് പരിഹാരം കാണുക, ഒഗോണി ജനതക്ക് സ്വയംനിർണയാവകാശം നൽകുക എന്നീ  ആവശ്യങ്ങളായിരുന്നു M-O-S-O-P ഉന്നയിച്ചിരുന്നത്. സംഘടനയെ  ഭീകരരെന്നു ചിത്രീകരിച്ച് ആഭ്യന്തര യുദ്ധം വളർത്തുകയായിരുന്നു പട്ടാള ഭരണകൂടം ചെയ്തത്. ആഭ്യന്തര യുദ്ധത്തിൽ മുപ്പതിനായിരത്തോളം ഒഗോണികൾ മരണപ്പെട്ടു. സർക്കാരിനെ പിന്താങ്ങിയിരുന്ന നാല് ഗ്രാമത്തലവൻമാർ കൊല ചെയ്യപ്പെട്ട കുറ്റം വിവയുടെയും കൂട്ടുകാരുടെയും മേൽ കെട്ടിവെച്ചായിരുന്നു അവരെ പ്രഹസന വിചാരണ ചെയത് വധിച്ചത്. ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു. ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു. സമരത്തിൽ നിന്ന് പിന്മാറിയാൽ സ്വതന്ത്രനാക്കാമെന്ന പ്രലോഭനം നൽകി. എന്നാൽ അതിനു തയാറാകാതെ ധീരതയോടെ തൂക്കുകയറിലേക്കു നടക്കുകയായിരുന്നു വിവ. 
'അന്ത്യം ഇതായിരിക്കുമെന്ന് അന്നേ ഞാനറിഞ്ഞിരുന്നു. ഈ അറിവ് എനിക്ക് ശക്തിയായിരുന്നു. ധൈര്യമായിരുന്നു. ആഹ്ലാദമായിരുന്നു. ശത്രുവിന്റെ മേൽ മാനസിക മേൽക്കോയ്മ നേടിത്തന്നതും ഈ അറിവായിരുന്നു. ഞാൻ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്നം ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടതകൾക്കെതിരെ പൊരുതാൻ സമയവും പണവും കരുത്തും കണ്ടെത്തുന്ന ആളുകളുണ്ട് എന്നറിയുന്നതു തന്നെ ധാരാളം. ഇന്നവർ തോറ്റേക്കാം. പക്ഷേ നാളെ അവരാണ് വിജയിക്കുക. മനുഷ്യ കുലത്തിന് കൂടുതൽ മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാൻ നമുക്ക് ശ്രമം തുടർന്നേ പറ്റൂ. ഓരോരുത്തരും സ്വന്തം നിലക്ക് അവനവന്റെ സ്വന്തം പങ്ക് നിർവഹിച്ചാൽ മതി' -ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലത്തെ വാക്കുകൾ. 
വിവ ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകനോ പോരാളിയോ മാത്രമായിരുന്നില്ല. അടിമുടി കലാകാരനുമായിരുന്നു അദ്ദേഹം. 'സോസബോയ്' എന്ന പ്രശസ്ത നോവലിന്റെ കർത്താവ്, ആറു വർഷത്തോളം തുടർച്ചയായി സംപ്രേഷണം ചെയ്തിരുന്ന 'ബാസി ആന്റ് കമ്പനി' എന്ന ടെലിവിഷൻ പരമ്പരയുടെ തിരക്കഥാകൃത്തും നിർമാതാവും, 'സൺഡേ ടൈംസ് ഓഫ് ലാഗോസി'ലെ കോളമിസ്റ്റ്, കവിതകളും ആക്ഷേപഹാസ്യ രചനകളും എഴുതി അവതരിപ്പിച്ച ജനകീയ കലാകാരൻ എന്നിവയെല്ലാം ആയിരുന്നു അദ്ദേഹം.  
'എന്നെപ്പോലുള്ള ഒരു നൈജീരിയൻ എഴുത്തുകാരന് വായനക്കാരെ രസിപ്പിക്കുന്ന രചന നടത്തുവാൻ കഴിയില്ല. ഞങ്ങളുടെ സാഹിത്യം സമരോത്സുകമായേ തീരൂ. നൈജീരിയൻ സാഹിത്യത്തിൽ കല, കലക്കു വേണ്ടിയാവുക അസാധ്യം. ഒരു രാഷ്ട്രത്തിന്റെ, സമൂഹത്തിന്റെ ജീവിതം അടിമുടി മാറ്റാനായി കല, എന്തെങ്കിലും ചെയ്‌തേ മതിയാവൂ. അതിനാൽ ഞങ്ങളുടെ സമൂഹത്തിൽ സാഹിത്യത്തിന് യൂറോപ്യൻ സാഹിത്യകാരൻമാരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യമാണുണ്ടാവുക. ഞാനടക്കമുള്ള നൈജീരിയൻ എഴുത്തുകാർ ദരിദ്രരാണ്. അതിലെനിക്ക് ഉൽക്കണ്ഠയില്ല. എന്റെ സാഹിത്യം കൊണ്ട് വളരെയേറെ ജനങ്ങളുടെ ജീവിതത്തിന് ഗുണമുണ്ടാകണം. അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ കൊല്ലപ്പെടുമോ ജയിലിലടക്കപ്പെടുമോ എന്നൊന്നുമോർത്ത് സമയം കളയാനില്ല.' (ബി.ബി.സി അഭിമുഖം, പരിഭാഷ എൻ.കെ. ശിവദാസൻ). എന്നായിരുന്നു തന്റെ രചനകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്.  കെൻ സാരോ വിവയുടെ ജീവചരിത്രം N-i-g-er D-e-l-ta യിൽ എണ്ണ ഭീമൻ Roy-a-l Du-tc-h S-h-e-l-l നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.
വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ 'ഷെൽ' കമ്പനി 15.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ തയാറായി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നൽകേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുകയായിരുന്നു അത്. ഏറെക്കാലം ലോകമെങ്ങുമുള്ള പരിസ്ഥിതി - മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് വിവയുടെ രക്തസാക്ഷിത്വം പ്രചോദനമായി. ഇന്നവ ആഗോള വ്യാപകമായിത്തന്നെ മുഖ്യധാരയിലെ പ്രധാന ചർച്ചാവിഷയമാണല്ലോ. കേരളത്തിലും അക്കാലത്ത് വിവയുടെ രക്തസാക്ഷിത്വം വലിയ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴും സംവാദങ്ങൾ തുടരുന്ന, സമരങ്ങളിൽ ഉയർന്നു വരുന്ന ജനതയുടെ സ്വത്വബോധത്തിന്റെ വിഷയമാണ് അന്നും ഇവിടെ ഏറെ ചർച്ചാവിഷയമായത്.

Latest News