ഡോര്‍ട്ട്മുണ്ട്- ലോട്ടറിയടിച്ചതിനെ തുടര്‍ന്ന് കോടീശ്വരനായി മാറിയ യുവാവ് പുതിയ ജീവിതം തുടങ്ങാന്‍ യാത്ര ഇഷ്ടപ്പെടുന്ന ജീവിതപങ്കാളിയെ തേടുന്നു.
ജര്‍മ്മനിയിലെ ഡോര്‍ട്ട്മുണ്ട് സ്വദേശിയായ കുര്‍സാറ്റ് യില്‍ഡിരിമിനാണ് ഈയടുത്ത് 10 ദശലക്ഷം യൂറോയുടെ (ഏകദേശം 82 കോടി രൂപ) ലോട്ടറി അടിച്ചത്.
ആഡംബര കാറുകള്‍ക്കും വാച്ചുകള്‍ക്കുമായി വലിയൊരു ഭാഗം ചെലവഴിച്ച ശേഷമാണ് യാത്രകളില്‍ തന്നോടൊപ്പം ചേരാനും പുതിയ ജീവിതം ആരംഭിക്കാനും അനുയോജ്യമായ പങ്കാളിയെ തേടുന്നത്.
ജര്‍മ്മന്‍ പത്രമായ ബില്‍ഡിന്റെ റിപ്പോര്‍ട്ടര്‍മാരുമായുള്ള സംഭാഷണത്തിലാണ് അവിവാഹിതനാണെന്നും അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കാനും ആവശ്യപ്പെട്ടത്.
എനിക്ക് പ്രണയിക്കണം. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെയാണ് തിരയുന്നത്. എന്നോടൊപ്പം കുടുംബജീവിതം ആരംഭിക്കാന്‍ തയാറുള്ള യുവതിക്ക് സ്വാഗതം- അദ്ദേഹം ബില്‍ഡിന്റെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി വളരെ സുന്ദരിയായിരിണമെന്ന നിര്‍ബന്ധമൊന്നുമില്ല. എന്ത് സംഭവിച്ചാലും പങ്കാളി തന്നെ വിശ്വസിക്കുന്നയാളാകണമെന്നതാണ് ഏറ്റവും പ്രധാനം.
ലോട്ടറി അടിച്ചതിന് ശേഷം, 41 കാരനായ കുര്‍സാറ്റ്, സ്റ്റീല്‍ ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ച്, ഫെരാരി കാര്‍ വാങ്ങുകയും പുതുതായി വാങ്ങുന്ന ആഡംബര സാധനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പതിവായി പങ്കിടുകയും ചെയ്യുന്നുണ്ട്. എന്താ ലോട്ടറി അടിച്ചോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ജീവിത പങ്കാളിയെ തേടുന്ന കാര്യം കൂടി വെളിപ്പെടുത്തിയത്.