Sorry, you need to enable JavaScript to visit this website.

ഇസ്രാഈൽ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രിക്ക് പലഹാരം വിളമ്പിയത് ഷൂവിൽ

ജറുസലം- ഭക്ഷണം വിളമ്പുന്ന ടേബിളിൽ ഷൂ കയറ്റിവയ്ക്കുന്നത് ലോകത്ത് ഒരു സംസ്‌കാരത്തിലും സ്വീകാര്യമായ രീതിയല്ല. വീടിനും ഓഫീസിനുമകത്തേക്കു പോലും ഷൂ അടുപ്പിക്കാത്ത ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റത്തെ അവഹേളനവുമാണ്. ജപ്പാൻ പ്രധാനമന്ത്രിക്ക് ഇസ്രാഈൽ അധികൃതർ ഷൂവിൽ പലഹാരം വിളമ്പിയത് ഇസ്രാഈലിലും ജപ്പാനിലും പുതിയ വിവാദമായിരിക്കുകയാണ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ഭാര്യ അകി അബെയും കഴിഞ്ഞയാഴ്ചയാണ് ഇസ്രാഈൽ സന്ദർശനത്തിനെത്തിയത്. മേയ് രണ്ടിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത തല യോഗങ്ങളെല്ലാം കഴിഞ്ഞ് ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയിൽ ജപ്പാൻ പ്രധാനമന്ത്രിക്ക് ഒരുക്കിയ വിരുന്നിലാണ് ഷൂവിനുള്ളിൽ പലഹാരം വിളമ്പിയത്. ഇസ്രയേലിലെ സെലിബ്രിറ്റി ഷെഫ് ആയ സെഗേവ് മോഷെ തയാറാക്കിയ വിഭവങ്ങളാണ് വിരുന്നിൽ വിളമ്പിയിരുന്നത്. 

വിരുന്നിനു ശേഷം വിളമ്പിയ മധുരപലഹാരമാണ് വിവാദമായത്. വെട്ടിത്തിളങ്ങുന്ന ലെതർ ഷൂവിനുള്ളിൽ കലാപരമായി അലങ്കരിച്ച മുന്തിയ ഇനം ചോക്ലേറ്റുകൾ. ഇതു കണ്ട് ജപ്പാൻ നയതന്ത്ര പ്രതിനിധികളും ജപ്പാനിൽ ജോലി ചെയ്തിട്ടുള്ള ഉന്നത ഇസ്രാഈലി നയതന്ത്ര ഉദ്യോഗസ്ഥരും ഞെട്ടി. ജാപ്പനീസ് സംസ്‌കാരത്തിൽ ഷൂവിനേക്കാൾ തരംതാണ ഒന്നുമില്ല. ജപ്പാനിൽ ജനങ്ങൾ വീട്ടിനകത്തേക്കു പോലും ഷൂ ധരിക്കാറില്ല. ഓഫീസുകളിൽ പോലും പുറത്താണ് ഷൂവിനു സ്ഥാനം. എന്നിരിക്കെ ഈ നടപടി തീർത്തും അവഹേളനപരമായി ഒരു ഇസ്രാഈലി ഉദ്യോഗസ്ഥൻ പ്രമുഖ പത്രമായ യെദിയോത്ത് അഹരൊനോത്തിനോട് പ്രതികരിച്ചു. 

Image result for Netanyahu Servs Japan PM Abe Dessert In A Shoe

ഷൂ ഭക്ഷണം വിളമ്പുന്ന ടേബിളിൽ കയറ്റി വയ്ക്കുന്ന ഒരു സംസ്‌കാരവും ലോകത്തില്ല. പ്രമുഖനായ ആ ഷെഫ് എന്താണ് കരുതിയത്? ഇത് തമാശയായിരുന്നെങ്കിൽ ഞങ്ങൾക്ക് അങ്ങനെയല്ല. ഞങ്ങളുടെ പ്രധാനമന്ത്രിയേയും രാജ്യത്തേയും അവഹേളിച്ചിരിക്കുകയാണ് -പേരു വെളിപ്പെടുത്താത്ത ഒരു ജാപ്പനീസ് ഉദ്യോഗസ്ഥൻ അമർഷം അറിയിച്ചു. 

അതിനിടെ വിരുന്നിൽ വിളമ്പുന്ന ഭക്ഷണങ്ങൾ തീരുമാനിക്കുന്നതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന പ്രതികരണവുമായി ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയം കൈ കഴുകിയിരിക്കുകയാണ്. അതേസമയം ഷൂ വിഭവം ഉണ്ടാക്കിയ ഷെഫിന്റെ സർഗാത്മകതയെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു. 

അതിനിടെ വിവാദ വിഭവത്തിന്റെ ചിത്രം ഞായറാഴ്ച ഷെഫ് സെഗേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആഗോള പ്രശസ്ത ശിൽപ്പിയായ ടോം ഡിക്‌സോണിന്റെ മനോഹര ലോഹ ശിൽപ്പമാണ് ഷൂവെന്നും ഇതു യഥാർത്ഥ ഷൂ അല്ലെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ഇൻസ്റ്റാഗ്രാമിലും നിരവധി പേർ ഈ ചെയ്തിക്കെതിരെ പ്രതിഷേധമറിയിച്ചു.
 

Latest News