Sorry, you need to enable JavaScript to visit this website.

പറഞ്ഞതില്‍ ഖേദിക്കുന്നു, രാഷ്ട്രപതിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ബംഗാള്‍ മന്ത്രി

കൊല്‍ക്കത്ത- രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ടി.എം.സി മന്ത്രി അഖില്‍ ഗിരി ക്ഷമാപണം നടത്തി. പരമാര്‍ശം രോഷത്തിന് കാരണമാവുകയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തിരുന്നു.  രാഷ്ട്രപതിക്ക് അപമാനം തോന്നുന്നുവെങ്കില്‍ താന്‍ പറഞ്ഞതില്‍ ഖേദിക്കുന്നുവെന്നും  ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  
ഞാന്‍ രാഷ്ട്രപതിയെ ബഹുമാനിക്കുന്നു. സുവേന്ദു അധികാരിയോട് പ്രതികരിക്കാന്‍ ഒരു താരതമ്യം നടത്തുകയാണ് ചെയ്തത്. പേരുകളൊന്നും പറഞ്ഞിട്ടില്ല. അഖില്‍ ഗിരിയുടെ രൂപം മോശമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഞാന്‍ ഒരു മന്ത്രിയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എനിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ഭരണഘടനയോടുള്ള അവഹേളനമാണ്- അഖില്‍ ഗിരി പറഞ്ഞു.
വ്യാഴാഴ്ച നന്ദിഗ്രാമില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഞങ്ങള്‍ ആരെയും അവരുടെ രൂപഭാവം വെച്ച് വിലയിരുത്തുന്നില്ല, ഞങ്ങള്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനിക്കുന്നു. പക്ഷേ എങ്ങനെയാണ് നമ്മുടെ രാഷ്ട്രപതി? ഇതാണ് വൈറലായ വീഡിയോയിലുള്ള പരാമര്‍ശം.

സംഭവത്തില്‍ ബിജെപിയില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. അഖില്‍ ഗിരിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാന്‍ ദേശീയ വനിതാ കമ്മീഷനു കത്തയച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെതിരായ അദ്ദേഹത്തിന്റെ ആക്ഷേപകരമായ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും സൗമിത്ര ഖാന്‍ ആവശ്യപ്പെട്ടു.

 

Latest News